
തിരുവനന്തപുരം: വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്നും ഈ സംഭവത്തിൽ നിർമ്മാതാക്കൾക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ലെന്നും നടൻ ഷെയ്ൻ നിഗം പറഞ്ഞു.
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം ആളി കത്തിക്കുന്നതിനായി ഇന്നലെ ചലച്ചിത്രോത്സവത്തിനെത്തിയ യുവ നടന്റെ പരസ്യ പ്രതികരണം. ഇതോടെ ഫെഫ്കയും അമ്മയും ഒത്തുതീർപ്പ് നീക്കം അവസാനിപ്പിച്ചതായാണ് അറിയുന്നത്.
'എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. 'അമ്മ' പിന്തുണയ്ക്കും എന്നു തന്നെയാണ് പ്രതീക്ഷ. മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്. ഒത്തുതീർപ്പുകൾക്കു വിളിക്കും, അവിടെ ചെന്ന് ഇരിക്കും. അവർ പറയുന്നത് നമ്മൾ അനുസരിക്കണം. അനുസരിച്ചാലോ, അവർ പ്രസ് മീറ്റ് വിളിച്ച് ഖേദം അറിയിക്കും. ഇത്തവണ നിർമ്മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ കാമറാമാനും സംവിധായകനുമാണ്. അതിനൊക്കെ തെളിവുമുണ്ട്. ഇതൊക്കെ എവിടെ വന്നുപറയാനും ഞാൻ തയ്യാറാണ്.'–ഷെയ്ൻ പറഞ്ഞു.
ഇന്നലെ നടനെ ഡെലിഗേറ്റുകൾ കൈയടിച്ചാണ് സ്വീകരിച്ചത്. 'സപ്പോർട്ട് ഷെയ്ൻ നിഗം' എന്നെഴുതിയ ബാനറുകൾ ഉയർത്തി പിന്തുണ അറിയിക്കുകയും ചെയ്തു. രാവിലെ 11.30ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ച ഇഷ്ക് കാണാനാണ് ഷെയ്ൻ നിഗം എത്തിയത്.