photo

നെടുമങ്ങാട്: വിളസമൃദ്ധിയുടെ സന്ദേശമുയർത്തി ആനാട്ട് കാർത്തികച്ചന്ത തുടങ്ങി. കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിന്റ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ റോഡിലാണ് ചന്ത നടക്കുന്നത്. കൂപ്പ്, വേട്ടമ്പള്ളി, വട്ടറത്തല തുടങ്ങി വിവിധ മേഖലകളിലെ കർഷകർ എത്തിച്ച ഉത്പന്നങ്ങളാണ് വില്പന നടത്തുന്നത്. നാളെ വൈകിട്ട് പെരിങ്ങാവിൽ ഏലായിലെ നെൽപ്പാടത്ത് കാർത്തിക വിളക്ക് തെളിയിക്കും. എട്ടങ്ങാടിപ്പുഴുക്കും വേപ്പെണ്ണ, മരോട്ടി എണ്ണ, ആവണക്കെണ്ണ എന്നിവയും കൂട്ടി തയാറാക്കുന്ന കാർത്തിക എണ്ണയിൽ ചാണപ്പൊൽ മുക്കി പ്രത്യേകം തയാറാക്കിയ തിരി തെളിച്ച് പാടം പുകമയമാക്കി അന്തരീക്ഷം ശുചീകരിച്ചു കൊണ്ടായിരിക്കും കാർത്തികപ്പഴമ വിളംബരം ചെയ്യുക. മാതൃക ചെറുവിള കർഷകൻ പുഷ്കരപിള്ളയിൽ നിന്നും ഒരു വട്ടി കാർത്തിക വിഭവങ്ങൾ ഏറ്റുവാങ്ങി ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കാർത്തികച്ചന്തയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ, ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ ഷീബാബീവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ജെ. മഞ്ജു, വാർഡ് മെമ്പർമാരായ വേങ്കവിള സജി, ടി. സിന്ധു, മൂഴി എസ്. സുനിൽ, കൃഷിഓഫീസർ എസ്. ജയകുമാർ, കർഷകച്ചന്ത കോ-ഓർഡിനേറ്റർ ആനാട് ആൽബർട്ട്, ഇക്കോ ഷോപ്പ് സെക്രട്ടറി പ്രമോദ്, പ്രസിഡന്റ് വിൻസന്റ് കൂപ്പ്, കൃഷി അസിസ്റ്റന്റ് രാജി. എസ്.എസ് എന്നിവർ പങ്കെടുത്തു.