arrest

വർക്കല: കർണാടകയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ വർക്കല ചെറുന്നിയൂർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. വെട്ടൂർ വലയന്റകുഴി ചരുവിള വീട്ടിൽ രാഹുലിനെ (23) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിക്കുകയും 8 ലക്ഷം രൂപയും 10 പവനോളം സ്വർണവും ലാപ് ടോപ്പും കൈക്കലാക്കിയെന്നാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വർക്കല, എറണാകുളം എന്നിവിടങ്ങലിലെ ഹോട്ടലുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്നും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നും കൂടാതെ ഗർണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചതായും പരാതിയിൽ പറയുന്നു. നവംബർ 11ന് ഖത്തറിലേക്ക് കടന്ന രാഹുലിനെ പിടികൂടുന്നതിനായി പൊലീസ് നടപടികൾ നടത്തുന്നതറിഞ്ഞ് ഇയാൾ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2017ൽ കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു വധശ്രമക്കേസിലെ മൂന്നാം പ്രതിയുമാണ് ഇയാൾ. നട്ടിലെത്തിയ ഇയാളെ വർക്കല സി.ഐ ജി.ഗോപകുമാർ, സബ്ഇൻസ്പെക്ടർ എം.ജി.ശ്യാം, ഗ്രേഡ് എസ്.ഐ. സുഭാഷ്, എസ്.സി.പി.ഒ ഹരീശ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ രാഹുൽ