തിരുവനന്തപുരം: 'സത്താറിന്റെ കുടുംബത്തെ നീ നശിപ്പിക്കും അല്ലേടാ" എന്ന് ചോദിച്ചാണ് പ്രതികൾ തന്നെ വെട്ടിയതെന്ന് റേഡിയോ ജോക്കി രാജേഷ് മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞെന്ന് സുഹൃത്തും നാടൻ കലാകാരനുമായ അനിൽകുമാർ ഇന്നലെ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകി.
സത്താറിന്റെ ഭാര്യ മെറ്റിൽഡ ഗൾഫിൽ നിന്ന് വിളിച്ച് പറഞ്ഞതനുസരിച്ചാണ് താൻ രാജേഷിന്റെ സ്റ്രുഡിയോയിൽ എത്തിയത്. രാജേഷിനെ ആരോ വെട്ടിയിട്ടിട്ടുണ്ടെന്ന് മെറ്രിൽഡ പറഞ്ഞു. സ്റ്റുഡിയോയിൽ എത്തിയപ്പോൾ രാജേഷ് വെട്ടേറ്റ് കിടക്കുന്നത് കണ്ടു. രാജേഷിനെ താനടക്കമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. സത്താറിന്റെ ഭാര്യയുമായി രാജേഷിന് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് സത്താറിനെ പ്രേരിപ്പിച്ചത്.
പ്രതികളായ മുഹമ്മദ് സാലിയും അപ്പുണ്ണിയും ചേർന്ന് രാജേഷിനെ വെട്ടുന്നത് കണ്ടെന്ന് മറ്റൊരു സാക്ഷിയായ കുട്ടനും കോടതിയിൽ മൊഴി നൽകി. പ്രതികളിലൊരാളായ തൻസീർ തന്നെ വെട്ടി പരിക്കേൽപ്പിച്ചു. മൂന്ന് പ്രതികളെയും വെട്ടാൻ ഉപയോഗിച്ച വാളും സാക്ഷി തിരിച്ചറിഞ്ഞു.
2018 മാർച്ച് 27ന് പുലർച്ചെ കിളിമാനൂർ മടവൂറിലെ സ്റ്റുഡിയോയിലിട്ട് പ്രതികൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഖത്തറിലെ വ്യവസായി സത്താർ നൽകിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലയിൽ കലാശിച്ചത്.