iffk

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകൻ മൃണാൾ സെന്നിനും ഗിരീഷ് കർണാടിനും ആദരം. മൃണാൾ സെന്നിന്റെ 1971 ൽ പുറത്തിറങ്ങിയ ഇന്റർവ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്‌കാര എന്ന ചിത്രവും പ്രദർശിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രമേള ഇരുവർക്കും ആദരമർപ്പിച്ചത്.

പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ് മൃണാൾ സെൻ സിനിമകളിൽ പ്രമേയമാക്കിയതെന്ന് പ്രദർശനങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകനായ പ്രദീപ് ബിശ്വാസ് പറഞ്ഞു. വൈവിദ്ധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ് കർണാടെന്ന് ചലച്ചിത്ര നിരൂപകൻ ഐ. ഷൺമുഖദാസ് അനുസ്മരിച്ചു.

മൃണാൾ സെന്നിന്റെ 19 ലധികം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച കെ.കെ.മഹാജന്റെ പത്നി പ്രഭാമഹാജൻ,ചലച്ചിത്ര നിരൂപകൻ ഐ.ഷൺമുഖദാസ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി എന്നിവർ പങ്കെടുത്തു. ഗിരീഷ് കർണാടിനെക്കുറിച്ച് മധുജനാർദ്ദനൻ എഴുതിയ കലയിലെ നിലപാടുകൾ എന്ന പുസ്തകം പ്രദീപ് ബിശ്വാസ് ഷൺമുഖദാസിന് നൽകി പ്രകാശനം ചെയ്തു.