vilappilsala

മലയിൻകീഴ്: സ്വന്തം വിവാഹ നിശ്ചയത്തിന് അരയ്ക്കു താഴോട്ട് തളർന്ന മീനുവിനെയും ഒക്കത്തെടുത്ത് പോകുന്ന ജ്യേഷ്ഠൻ മനു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ സഹോദരങ്ങളെ അധികമാരും മറക്കാനിടയില്ല. മീനുവിന് ഇനി മനുമാത്രമല്ല രമ്യയും കൂട്ടായി ഉണ്ടാകും.

വരുന്ന 12 നാണ് നഗരസഭയിലെ പട്ടം വാർഡ് കൗൺസിലർ കൂടിയായ രമ്യരമേശുമായുള്ള ഹരിപ്രസാദിന്റെ (മനു) വിവാഹം. ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അറിയാവുന്ന രമ്യയ്ക്ക് മീനുവിനെയും അമ്മയെയും സ്നേഹിക്കാൻ കഴിയുമെന്ന വിശ്വാസം മനുവിനുണ്ട്.

രമ്യ കൗൺസിലറാണെങ്കിലും പുറമ്പോക്കിലെ ഓലക്കുടിലിലാണ് താമസം. പരേതനായ രമേഷ്-സരോജം ദമ്പതികളുടെ മകളായ രമ്യയ്ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. ബി.ജെ.പി ജില്ലാകമ്മിറ്റിയാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. കുമാരപുരം എ.ജെ.ഹാളിൽ വ്യാഴാഴ്ച 12 നും 12.30 നും മദ്ധ്യേയാണ് മുഹൂർത്തം. ബുധനാഴ്ച വൈകിട്ട് റിസപ്ഷനും ബി.ജെ.പി ഏർപ്പെടുത്തിയിട്ടുണ്ട്.

വിളപ്പിൽശാല പുളിയറക്കോണം കൂരുവിള വീട്ടിൽ ഹരീന്ദ്രൻനായരുടെയും രമാദേവിയുടെയും മക്കളാണ് മനുവും (32) മീനുവും (28). മനുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാനെത്തിയപ്പോഴും മീനു മനുവിന്റെ ഒക്കത്തിരുന്ന് പോകുന്ന വാർത്ത കേരളകൗമുദി ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സംസ്ഥാന കരകൗശല കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ ഒരു ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽ ചെയർ മീനുവിന് നൽകി.