തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആ ഗ്രാമം തികച്ചും സുന്ദരമാണ്. പക്ഷേ, കുണ്ടും കുഴിയും താണ്ടി, കയറ്റം കയറി നാരായണിഅമ്മയുടെ (ശരിയായ പേരല്ല) കുടിലിലെത്താൻ ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടി. ഉമ്മറക്കസേരയിലിരുന്ന് നാരായണിഅമ്മ നിറഞ്ഞുചിരിച്ചു. ഭർത്താവിന്റെ മുഖത്ത് നിസംഗത. മറക്കാനാവാത്ത അനുഭവമൊന്നുമല്ല നാരായണി അമ്മയുടേത്. പല അനുഭവവും പങ്കുവയ്ക്കാനാവില്ല.
നാരായണിഅമ്മയ്ക്ക് അറുപത്തിയേഴ് വയസായി. ആറുമാസം മുൻപ് പക്ഷാഘാതം വന്നതോടെ മനസ് പറയുന്നത് ശരീരത്തിന്റെ ഒരു പകുതി കൂട്ടാക്കാതായി. ഭർത്താവ് രാമൻകുട്ടിക്ക് വയസ് എത്രയെന്ന് അത്ര നിശ്ചയംപോര. അദ്ദേഹമാണ് കുടുംബത്തിലുള്ള രണ്ടേരണ്ട് അംഗങ്ങളിൽ കൂടുതൽ ആരോഗ്യവാൻ. ബുദ്ധിക്ക് ഒരല്പം കുഴപ്പമുണ്ട്. സാധാരണ കാര്യങ്ങളൊക്കെ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടില്ല. ജീവിതം മുമ്പോട്ട് പോകുന്നത് നാരായണിഅമ്മയുടെ ബൗദ്ധികശക്തി കൊണ്ടുമാത്രം.
നാരായണിഅമ്മയ്ക്ക് ജന്മനാ വായുടെ മേൽഭിത്തിയിൽ ഒരു വിടവുണ്ട്. ക്ളെഫ്ട് പാലെറ്റ്. ശസ്ത്രക്രിയ ചെയ്താൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. സംസാരത്തിന് അവ്യക്തത ഉണ്ടെങ്കിലും നിറുത്താതെ സംസാരിക്കും. ഒരു മകളേയുള്ളൂ. കല്യാണം കഴിഞ്ഞു. കുറച്ചു നാളുകൾക്കുള്ളിൽ ഭർത്താവ് മരിച്ചു. രണ്ടാമത്തെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുമായി ഭർത്താവിനൊപ്പം ജീവിക്കുന്നു. അയാൾ ഒരു ദേഷ്യക്കാരൻ. ഭാര്യ ഇവിടെ വരുന്നത് അയാൾക്കിഷ്ടമല്ല. മകൾക്ക് അമ്മയെ കാണാനാവുന്നില്ല.
കഞ്ഞിവയ്ക്കാൻ മാത്രമേ നാരായണിഅമ്മയുടെ ഭർത്താവിന് അറിയാവൂ. അല്പം മീൻകറിയുടെ ചാർ തൊട്ടുകൂട്ടാൻ കൊതിയാകുന്നു. എന്തുചെയ്യാൻ? കഞ്ഞി കുടിക്കാൻ അരിയും പലവ്യഞ്ജനങ്ങളും മാസത്തിലൊരിക്കൽ പാലിയം ഇന്ത്യയിൽ നിന്ന് കൊണ്ടുകൊടുക്കും. അവർ രണ്ടാഴ്ച കൂടുമ്പോൾ വന്നു നോക്കും. പക്ഷേ മീൻകറിയുടെ ചാർ!
പക്ഷാഘാതം വന്നപ്പോൾ വലിയ സർക്കാരാശുപത്രിയിലായിരുന്നു ചികിത്സ. രണ്ട് ദിവസം ഇന്റെൻസീവ് കെയർ യൂണിറ്റിലും, ആറുദിവസം വാർഡിലും അത് കഴിഞ്ഞപ്പോൾ രണ്ടുമാസം കഴിഞ്ഞ് വരണം എന്ന ഉപദേശത്തോടുകൂടി കുറെ മരുന്നുകളും കൊടുത്തുവിട്ടു. പ്രമേഹരോഗിയാണ് എന്ന് അറിയുന്നത് തന്നെ അപ്പോഴാണ്. രണ്ടുനേരം ഇൻസുലിൻ എടുക്കണം. മൂന്നുനേരം ഓരോ ഗുളികയും കഴിക്കണം. പ്രഷറിന് വേറെയും.
ഈ മരുന്നെല്ലാം സർക്കാരാശുപത്രിയിലുണ്ട്. ഒരു മാസത്തേക്ക് മൂന്ന് കുപ്പി ഇൻസുലിൻ വേണം. നാരായണിഅമ്മ ആട്ടോ പിടിച്ച് പോകും.സാധാരണ ആട്ടോക്കാരൊന്നും വരില്ല. പക്ഷെ തമ്പി വരും. തമ്പി എല്ലാ മാസവും വന്ന് നാരായണിഅമ്മയെ ആശുപത്രിയിൽ കൊണ്ടുപോകും. നാരായണിഅമ്മ നേരിട്ടുചെന്നാലേ ഇൻസുലിൻ കിട്ടൂ. ഒരു പ്രാവശ്യം രണ്ടുകുപ്പി ഇൻസുലിൻ കിട്ടും. മൂന്നാമത്തേത് പൈസ കൊടുത്ത് വാങ്ങും.
''അതിന് രൂപ എവിടെ നിന്ന് ?"
ആരെങ്കിലുമൊക്കെ തരും. ഞാൻ ചോദിക്കും. എനിക്ക് വേറെ നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ?
കണക്ക് കൂട്ടിയപ്പോൾ രണ്ടുകുപ്പി ഇൻസുലിൻ 260 രൂപയെ ആകൂ. അതിനാണ് മുന്നൂറു രൂപ ചെലവാക്കി ആശുപത്രിയിൽ പോകുന്നത്.
പ്രൈമറി ഹെൽത്ത് സെന്ററിൽ മരുന്നുണ്ട്. ഒരു മാസത്തേക്ക് ആവശ്യമുള്ള മൂന്ന് കുപ്പിയും കൊടുക്കാൻ എന്താണ് തടസം?
പൊതുജനാരോഗ്യം എത്രയോ മുന്നോട്ട് പോയി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ സർക്കാരാശുപത്രികൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ തലത്തിലും ; മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വരെ. അവശ്യമരുന്നുകൾ അവിടെയൊക്കെയുണ്ട്. പ്രശ്നം അവിടെയല്ല. ഏറ്റവും ആവശ്യമുള്ളവർക്ക് അതിന്റെ ലഭ്യതയില്ല. പകരം നാം കാത്തിരിക്കും. അടുത്ത പക്ഷഘാതം ഉണ്ടാവുന്നത് വരെ.
ഇപ്പോൾ എല്ലാ കിടപ്പുരോഗികൾക്കും മാസത്തിലൊരിക്കലെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു പാലിയേറ്റീവ് കെയർ നഴ്സ് ഗൃഹസന്ദർശനം നടത്തുന്നുണ്ട്. എത്രയോ വലിയ കാര്യം. കിടപ്പുരോഗികൾക്ക് ഒരു മാസത്തേക്കാവശ്യമുള്ള ഒരു പൊതി മരുന്ന് അവർക്ക് വീട്ടിലെത്തിക്കാൻ സാധിക്കുകയില്ലേ? അങ്ങനെ കൊണ്ട് പോയി കൊടുക്കാൻ മിക്കവാറും നഴ്സുമാർക്ക് ഇഷ്ടമാണ്.
തടസങ്ങൾ ഏറെയാണ്. നിയമവും കീഴ്വഴക്കവും ഒക്കെ. നഴ്സ് മരുന്ന് കൊടുക്കാൻ പറ്റുമോ? ഫാർമസിസ്റ്റ് അല്ലേ അത് ചെയ്യാവൂ? മൂന്ന് കുപ്പി ഇൻസുലിൻ ഒന്നിച്ച് കൊടുത്താൽ അവർ കൊണ്ടുപോയി വിറ്റാലോ?
ഇനി ഇൻസുലിൻ ഞങ്ങൾ കൊടുത്തോളാമെന്നേറ്റു. കരുണയുള്ള മനുഷ്യർ സന്തോഷത്തോടെ തരുന്ന പണമുണ്ടല്ലോ ഞങ്ങളുടെ കൈയിൽ. അതാണോ പരിഹാരം? ഇത് നാരായണിഅമ്മയുടെ കാര്യം മാത്രമല്ലല്ലോ. അവരെപ്പോലെ ഉള്ളവരുടെ ഭാഗത്തുനിന്ന്, അവർക്ക് വേണ്ടത് എന്തെന്ന് ചിന്തിക്കാൻ ആളുണ്ടാകണം. നയങ്ങൾ നടപ്പിൽ വരുത്തുമ്പോൾ നാരായണിഅമ്മ മനസിൽ വേണം. ഇതുപോലെ ഉള്ളവർ ആയിരമോ പതിനായിരമോ അല്ല. ലക്ഷങ്ങളാവും കേരളത്തിൽ ഉണ്ടാവുക. നാരായണിഅമ്മയ്ക്കും ഭർത്താവിനും അവരെപ്പോലെയുള്ള ലക്ഷങ്ങൾക്കും ശബ്ദമില്ലാത്തതാണ് പ്രശ്നം. അവർക്ക് സംഘടനയില്ല; വോട്ട് ബാങ്കുമില്ല. മുദ്രാവാക്യമുയർത്താൻ അവർക്ക് കഴിയില്ലല്ലോ.
(രാജ്യം പത്മശ്രീ നല്കി ആദരിച്ച ഭിഷഗ്വരനാണ് ലേഖകൻ )