തിരുവനന്തപുരം: സൈനിക സേവനത്തിനായുള്ള ചാര ഉപഗ്രഹം റിസാറ്റ് 2 ബി ആർ1 ഉപഗ്രഹം നാളെ വൈകിട്ട് 3.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും. പി.എസ്.എൽ.വിയുടെ പരിഷ്കരിച്ച പതിപ്പായ ക്യു എൽ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. പി.എസ്.എൽ.വിയുടെ അൻപതാമത്തെ വിക്ഷേപണമെന്ന പ്രത്യേകതയുണ്ട്.
റിസാറ്റ് 2ന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് 628 കിലോഗ്രാം ഭാരമുള്ള ബി ആർ1 വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് 576 കിലോമീറ്റർ ഉയരത്തിലുള്ള നിശ്ചിതഭ്രമണപഥത്തിലാണിത് നിലയുറപ്പിക്കുക.
3.28ന് കുതിച്ചുയരുന്ന പി.എസ്.എൽ.വി.സി - 48 റോക്കറ്റ് 16 മിനിറ്റിനുള്ളിൽ റിസാറ്റ് വിക്ഷേപിക്കും. പിന്നീടുള്ള ഒരു മിനിറ്റിൽ ഒൻപത് ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. അമേരിക്ക, ഇറ്റലി, ജപ്പാൻ, ഇസ്രയേൽ എന്നിവിടങ്ങളിലേതാണ് ഇവ.
കുട്ടികളുടെ ഡ്യുഫാറ്റ് 3
ഇസ്രയേലിലെ ഷാർ ഹനഗേവ് ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയതാണ് നാളെ വിക്ഷേപിക്കുന്ന ഡ്യുഫാറ്റ് 3 ഉപഗ്രഹം. ഭാരം 2.3കിലോഗ്രാം. ഇതിനായി ഇസ്രയേലിൽ നിന്ന് അലൻ അബ്രഹാമിവിച്ച്, മിതേവ് അസൂലിൻ, ഷുമേ അവിവ് ലേവി എന്നീ വിദ്യാർത്ഥികൾ ഇന്നലെ ശ്രീഹരിക്കോട്ടെയിലെത്തി. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഉപഗ്രഹാധിഷ്ഠിത പഠനസഹായമൊരുക്കുകയാണ് ലക്ഷ്യം.