norka

തിരുവനന്തപുരം: നോർക്കയ്ക്ക് കീഴിലുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ്സ് കമ്പനിക്കാവശ്യമായ പദ്ധതികളും നിക്ഷേപകരെയും കണ്ടെത്തുന്നതിന് 15,56,992 രൂപ ഫീസിൽ കൺസൾട്ടൻസിയെ നിയമിക്കും.

. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്പനി ഡയറക്ടർബോർഡ് യോഗമാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ കൺസൾട്ടൻസിയായി നിയമിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് മൂന്ന് മാസത്തേക്കാക്കി. അതിന് ശേഷം തുടരണമെന്നുണ്ടെങ്കിൽ അപ്പോൾ തീരുമാനിക്കാമെന്നാണ് നിർദ്ദേശം.

സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മാസം പതിനഞ്ചരലക്ഷം രൂപ ചെലവിൽ വീണ്ടും കൺസൾട്ടൻസി വരുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്. ഒക്ടോബർ 30ന് ചേർന്ന യോഗത്തിൽ ഒക്ടോബർ 14 മുതൽ ഒരു മാസത്തേക്കാണ് കൺസൾട്ടൻസിയെ നിയമിച്ചത്. എന്നാൽ, പദ്ധതിരൂപരേഖ തയ്യാറാക്കുന്നതിന് കാലതാമസമെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ഇത് അടുത്ത രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഡയറക്ടർബോർഡ് യോഗത്തിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പറിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ ആർ. പിള്ളയുടെ പവർ പോയിന്റ് പ്രസന്റേഷനും ഉണ്ടായിരുന്നു. കൺസൾട്ടന്റ് തയ്യാറാക്കുന്ന വിശദമായ പദ്ധതിരേഖ പരിശോധിച്ച് കമ്പനി ഡയറക്ടർബോർഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. അടുത്ത ഡയറക്ടർബോർഡ് യോഗത്തിൽ പദ്ധതി തിരിച്ചുള്ള അവതരണം കൺസൾട്ടന്റ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ പ്രോജക്ടിനും പ്രത്യേക സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനും അവിടെ കമ്പനിക്ക് 26ശതമാനം ഓഹരി അനുവദിക്കാനും തീരുമാനിച്ചു. കമ്പനിയെ നൂറ് ശതമാനം സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്താനുള്ള സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശമുണ്ട്.