തിരുവനന്തപുരം: കോടതിവിധിയെ മാനിക്കാതെ കേരളബാങ്ക് പ്രഖ്യാപനം നടത്തി സർക്കാർ പിടിവാശി നടത്തിയെന്നാരോപിച്ച് സഹകരണ ജനാധിപത്യവേദിയുടെ നേതൃത്വത്തിൽ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇന്നലെ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പ്രവർത്തകർ കറുത്ത ബാഡ്‌ജ്‌ ധരിച്ച് ജോലിചെയ്തു. ജനാധിപത്യവേദിയുടെ പ്രവർത്തകർ കൂടുതലുള്ള സ്ഥാപനങ്ങൾക്ക് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം മുഴക്കി. ജനാധിപത്യവിരുദ്ധവും നിയമാനുസൃതവുമല്ലാത്ത നടപടികൾ സ്വീകരിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശത്തെ രജിസ്ട്രാറുടെ സർക്കുലർ മുഖേന വിലക്ക് കല്പിച്ചിരിക്കുന്ന നടപടിയാണുള്ളതെന്ന് ജീവനക്കാർ ആരോപിച്ചു. സഹകരണവിരുദ്ധ നടപടികൾക്കെതിരെ 13 ന് കെ.പി.സി.സി ഓഫീസിൽ യോഗം ചേർന്ന് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.