പാറശാല: സ്‌കൂളുകളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിയായ കളക്ടേഴ്‌സ് @ സ്‌കൂൾ പാറശാല ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്തു. പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി. അരുൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുകുമാരി, വാർഡ് മെമ്പർമാരായ പി.എ.നീല, ആർ. പ്രഭകുമാരി, ആർ.കെ.ഗിരിജ, വി.സുനിൽകുമാർ, എ.രാജമ്മ,അദ്ധ്യാപകരായ ചന്ദ്രിക,വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം വിദ്യാർത്ഥികളിലൂടെ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പേപ്പർ എന്നിവ വിദ്യാർത്ഥികൾ കൊണ്ടുവന്ന് ശേഷം സ്‌കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കും.ഇവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മസേനയിലെ അംഗങ്ങളെത്തി ശേഖരിച്ച് മാറ്റുന്നതാണ് പദ്ധതി. സ്‌കൂളിലെ എസ്.പി.സി, എൻ.എസ്.എസ് അംഗങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയിൽ പിന്നീട് മറ്റ് വിദ്യാർത്ഥികളെയും പങ്കാളികളാക്കും.