തിരുവനന്തപുരം : പുഴകളിലേക്ക് ഒഴുകിയെത്തുന്ന നീർച്ചാലുകളെ ജനപങ്കാളിത്തത്തോടെ വീണ്ടെടുക്കുന്നതിനായുള്ള കർമപദ്ധതി 'ഇനി ഞാനൊഴുകട്ടെ ' പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനായോഗമാണ് തീരുമാനമെടുത്തത്. 14 മുതൽ 22 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ വകുപ്പ്, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ്, കുടുംബശ്രീ, ക്ലീൻകേരള കമ്പനി, ശുചിത്വമിഷൻ, രാഷ്ട്രീയ യുവജന സന്നദ്ധ സംഘടനാ പ്രവർത്തകർ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് എന്നിവ ചേർന്നുള്ള പ്രവർത്തനമാണ് നടക്കുക. 14 ന് രാവിലെ 9 ന് പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ മൈലോട്ടുമൂഴി നീർച്ചാൽ ശുചീകരിച്ച് കൊണ്ട് ജില്ലാതല ശുചീകരണത്തിന് തുടക്കമാകും. 59 തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 78 നീർച്ചാലുകളുടെ ഏകദിന ശുചീകരണ പ്രവർത്തനങ്ങൾക്കും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ഭാഗമായി 42 തദ്ദേശസ്ഥാപനങ്ങളിലായി 76 ബഹുതല ശുചീകരണ പ്രവർത്തനങ്ങൾക്കുമുള്ള കർമ്മ പരിപാടി തയ്യാറാക്കി. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുക്കലിന്റെ കർമ്മ പദ്ധതി ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി.ഹുമയൂൺ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ്. പ്രീത സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം നന്ദിയും പറഞ്ഞു.