ib

കാട്ടാക്കട: ആമച്ചൽ കുച്ചപ്പുറം നാഞ്ചലൂർ ഏലായിലെ 50 ഏക്കർ നെൽവയൽ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ഞാറുനടീൽ ആഘോഷമായി. ജലസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഞാറുനടീലിൽ ഉദ്‌ഘാടകനായെത്തിയ ഐ.ബി.സതീഷ് എം.എൽ.എയും, മുഖ്യാതിഥിയായ കവി മുരുകൻ കാട്ടാക്കടയും കർഷക തൊഴിലാളികളായി മാറിയത് നാട്ടുകാരെ ആവേശഭരിതരാക്കി. ഞാറ്റുപാട്ടുമായി ഇവരോടൊപ്പം കുരുതംകോട് ഗവ. എൽ.പി സ്‌കൂളിലെ കുട്ടികളും, വനിതാ കർഷക വോളണ്ടിയർമാരും, നാട്ടുകാരും ചേർന്നതോടെയാണ് ഞാറുനടീൽ ആഘോഷമായത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വയലിൽ മഹിളാ കിസാൻ ശാക്തീകരൺ പ്രോഗ്രാമിൽ പരിശീലനം നേടിയ വനിതാ കർഷക വോളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു ഞാറ് നടീൽ സംഘടിപ്പിച്ചത്. ബാല്യകാല അനുഭവങ്ങൾ കവിതയിലൂടെ കവി മുരുകൻ കാട്ടാക്കട ജനങ്ങളുമായി പങ്കുവച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, സെക്രട്ടറി രംജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ.അനിൽകുമാർ, സംഘാടക സമിതി കൺവീനറും വാർഡംഗവുമായ എസ്.പുരുഷോത്തമൻ നായർ, വി.ഇ.ഒ സുജിത് തുടങ്ങിയവർ പങ്കെടുത്തു.