കാര്യവട്ടം സ്പോർട്സ് ഹബിൽ കഴിഞ്ഞരാത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തോൽവിയേറ്റുവാങ്ങേണ്ടിവന്നിരിക്കാം. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഇൗ മത്സരം ഒരു വിജയം തന്നെയാണ്. തുടർച്ചയായ മൂന്നാംവർഷവും ലഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വളരെ ഭംഗിയായി നടത്താൻ കെ.സി.എക്ക് കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ടീം ഇവിടെ തോറ്റതുപോലെ തന്നെ പൂർണമായി ഇവിടൊരു മത്സരം നടക്കുന്നതും ആദ്യമായാണ്.
മുംബയ്, ഡൽഹി, ചെന്നൈ, ബാംഗ്ളൂർ പോലെയുള്ള സ്ഥിരം വേദികൾക്കാണ് ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാ സീസണിലും മത്സരങ്ങൾ അനുവദിക്കാറുള്ളൂ. അക്കൂട്ടത്തിലേക്ക് പതിയെ വളരുകയാണ് തിരുവനന്തപുരം. കഴിഞ്ഞ മൂന്നുവർഷവും ഒാരോ മത്സരം വീതം സ്പോർട്സ ഹബിലെത്തി. 2017 നവംബർ ഒന്നിന ന്യൂസിലൻഡിനെതിരെയായിരുന്നു ഇവിടത്തെ ആദ്യമത്സരം. മഴകാരണം അത് എട്ടോവർ മത്സരമായി മാറിയിരുന്നു.
2018 ലെ കേരളപ്പിറവിക്ക് നടന്ന ഇന്ത്യ -വിൻഡീസ് ഏകദിനം വിൻഡീസിന്റെ മോശം ബാറ്റിംഗ് കാരണം അദിനത്തിലൊരുങ്ങി. ഇത്തവണ പക്ഷേ പ്രതീക്ഷിച്ചപോലെ മഴ വന്നില്ല. 38.3 ഒാവർ ഇരു ഇന്നിംഗ്സുകളിലുമായി കളി നടക്കുകയും ചെയ്തു.
ഗ്രൗണ്ടിന്റെ മേന്മ
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ് സ്പോർട്സ് ഹബ്. മുമ്പ് സ്ഥിരം വേദിയായിരുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഡ്രെയിനേജ് പ്രശ്നങ്ങളൊന്നും സ്പോർട്സ് ഹബിൽ ഇല്ല.
മഴ പെയ്തൊഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ കളി തുടങ്ങാൻ തക്ക രീതിയിൽ അത്യാധുനികമാണ് ഇവിടത്തെ സംവിധാനങ്ങൾ. ലോകത്തെ മറ്റേതൊരു സ്റ്റേഡിയത്തോടും ഇക്കാര്യത്തിൽ സ്പോർട്സ് ഹബ് കിടപിടിക്കും. ട്വന്റി 20 ക്കും ഏകദിനത്തിനും അനുകൂലമായ പിച്ചുകളാണ് ഇതുവരെ കാര്യവട്ടത്ത് ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച ബൗൺസ് ലേശം കുറവായിരുന്നുവെങ്കിലും രാത്രി മഞ്ഞിന്റെ വരവോടെ ബാറ്റിംഗിനുള്ള ബുദ്ധിമുട്ടും മാറി.
കാണികളുടെ ആവേശം
ക്രിക്കറ്റിന് കൊച്ചിയിലേക്കാൾ പിന്തുണ നൽകാൻ തിരുവനന്തപുരത്തിനാകുമെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. ഏറെക്കുറെ നിറഞ്ഞ ഗാലറിയാണ് ഇത്തവണയും ഇരുടീമുകളെയും ആവേശം കൊള്ളിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പോലെ മഴ കാഴ്ചക്കാരെ ബുദ്ധിമുട്ടിച്ചുമില്ല.
38000 ത്തിലധികംപേർ സ്പോർട്സ് ഹബിൽ കളി കാണാനെത്തി എന്നാണ് കണക്കുകൾ. ഇതിൽ വില്പനയ്ക്ക് വച്ചിരുന്നത് 32000 ടിക്കറ്റുകളായിരുന്നു. 97 ശതമാനത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8000 ത്തോളം പാസുകൾ കെ.സി.എ നൽകിയിരുന്നു.
വരട്ടെ ഐ.പി.എൽ
ബി.സി.സി.ഐയുടെ ജോയിന്റ് സെക്രട്ടറിയായി കെ.സി.എ തലവൻ ജയേഷ് ജോർജ് ഉള്ളതിനാൽ കാര്യവട്ടത്തേക്ക് ഇനിയും മത്സരങ്ങൾ എത്തിക്കാൻ സാദ്ധ്യത ഏറെയാണ്.
മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയത്തിനെക്കുറിച്ച് ഇവിടെ വന്ന കളിക്കാർക്കും കമന്റേറ്റർമാരായ മുൻ താരങ്ങൾക്കുമൊക്കെ വളരെ നല്ല അഭിപ്രായമാണ്. ഇനിയും ഇവിടെ മത്സരങ്ങൾ വരണമെന്നതാണ് അവരും പറയുന്നത്. വരുന്ന സീസണിൽ ഐ.പി.എൽ മത്സരങ്ങൾക്കും സ്പോർട്സ് ഹബ് വേദിയാകാൻ സാദ്ധ്യത ഏറുകയാണ്.
ഐ.പി.എല്ലിൽ രണ്ട് സാദ്ധ്യതകളാണ് സ്പോർട്സ് ഹബിനുള്ളത്. ഒന്ന്: ഏതെങ്കിലും ഒരു ടീമിന്റെ രണ്ടാം ഹോംഗ്രൗണ്ടായി മാറുക. ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളുമായി ഇക്കാര്യത്തിൽ മുമ്പ് ചർച്ച നടന്നിരുന്നു.
രണ്ട് : ക്വാളിയർ, എലിമിനേറ്റർ തുടങ്ങിയ മത്സരങ്ങൾ ഇത്തവണ മുതൽ ന്യൂട്രൽ വെന്യുവിൽ നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത്തരത്തിലൊരു വേദിയായി കാര്യവട്ടം പരിഗണിക്കപ്പെടാം.
നിരന്തരമായി മത്സരങ്ങൾ എത്തുമ്പോൾ മാത്രമേ സ്പോർട്സ് ഹബ് സാമ്പത്തികമായും ലാഭത്തിലേക്ക് മാറാൻ ഇടയുള്ളൂ എന്നതിനാൽ ആഭ്യന്തര മത്സരങ്ങൾക്കും വേദിയൊരുക്കേണ്ടതുണ്ട്. എന്നാൽ കേരളത്തിന്റെ രഞ്ജി ട്രോഫിമത്സരങ്ങൾ തുമ്പ സ്റ്റേഡിയത്തിൽ നടത്താനാണ് കെ.സി.എക്ക് താത്പര്യം. ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് പോലെ ക്രിക്കറ്റിനെ ഇനിയും ആകർഷകമാക്കാനുള്ള നീക്കങ്ങളാണ് സൗരവ് ഗാംഗുലി അദ്ധ്യക്ഷനായ ബി.സി.സി.ഐ നടത്തുന്നത്. അതിന്റെ അടുത്തപടിയെന്നോണം ആഭ്യന്തര മത്സരങ്ങൾ ഡേ ആൻഡ് നൈറ്റായേക്കും. അപ്പോൾ ഫ്ളഡ്ലൈറ്റ് ക്രിക്കറ്റിന്റെ ലൈം ലൈറ്റിലേക്ക് ഉയരാൻ സ്പോർട്സ് ഹബിന് സാദ്ധ്യതയേറെയാണ്.
സിക്സുകളുടെ പൂരം
കാര്യവട്ടത്തെ ആരാധകരെ കാത്തിരുന്നത് സിക്സറുകളുടെ പൂമഴയായിരുന്നു. ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയത് വിൻഡീസുകാരായിരുന്നു. 12 എണ്ണം. ആദ്യ ട്വന്റി 20യിൽ അവർ 15 സിക്സുകൾ പറത്തിയിരുന്നു. ഞായറാഴ്ച മോശം പന്തുൾ തിരഞ്ഞെടുത്ത് ഗാലറിയിലേക്ക് പറത്താൻ കാത്തിരിക്കുകയായിരുന്നു ലെൻഡൽ സിമ്മോൺസും ഹെട്മേയറും പുരാനുമൊക്കെ.
കൈവിട്ട കളി
സത്യത്തിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത് വെണ്ണപുരട്ടിയ വിരലുകളുമായി ഫീൽഡിംഗിനിറങ്ങിയവരാണ്. ഋഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും ശ്രേയസ് അയ്യരുമൊക്കെ കൈവിട്ട ക്യാച്ചുകൾ വിൻഡീസിന് മാനസികമായ മേൽക്കൈ നൽകി. ക്യാച്ചെടുക്കുന്നത് എങ്ങനെയെന്ന് കൂട്ടുകാർക്ക്കാട്ടിക്കൊടുക്കുന്ന രീതിയിലായിരുന്നു വിരാട് കൊഹ്ലി ഹെട്മേയറെ പുറത്താക്കാനെടുത്ത ക്യാച്ച്.
ടീമുകൾ മടങ്ങി
രണ്ടാം ട്വന്റി 20ക്ക് ശേഷം ഇന്ത്യയുടെയും വിൻഡീസിന്റെയും ടീമുകൾ തിരുവനന്തപുരത്തുനിന്ന് മടങ്ങി. മൂന്നാം മത്സരവേദിയായ മുംബയിലേക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ടീം തിരിച്ചത്. തിരക്കിട്ട മത്സര ഷെഡ്യൂളായതിനാൽ തലസ്ഥാനത്ത് കൂടുതൽ സന്ദർശനം നടത്താൻ താരങ്ങൾ തുനിഞ്ഞില്ല. അതേസമയം ടീമിലെ മലയാളിതാരം സഞ്ജു സാംസൺ തുമ്പയിൽ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം കാണാനെത്തി.