കോവളം: വിഴിഞ്ഞം പുളിങ്കുടിയിൽ മാതാവ് താമസിച്ചിരുന്ന ഷെഡിന് മദ്യപാനിയായ മകൻ തീയിട്ടു. ഷെഡിലുണ്ടായിരുന്ന കട്ടിലും കിടക്കയും സാധനങ്ങളും കത്തിനശിച്ചു. മാറിത്താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് കസ്റ്റഡിയിലെടുത്ത മകൻ ബിജു വിഴിഞ്ഞം പൊലീസിനോട് പറഞ്ഞു. മുല്ലൂർ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടിൽ ലീലയുടെ വീടിനാണ് ഇന്നലെ വൈകിട്ട് നാലോടെ മകൻ തീയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബിജുവിനെ പൊലീസ് ഉടൻതന്നെ പിടികൂടി. ലീലയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മകൾ രാധികയ്‌ക്ക് നൽകിയ വസ്‌തുവിൽ നിർമ്മിച്ച ഷീറ്റുമേഞ്ഞ ചെറിയൊരു ഷെഡിലായിരുന്നു ലീലയുടെ താമസം. മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ ഇവർ അടുത്തിടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നതായി നാട്ടുകാർ പറയുന്നു. കുടുംബത്തോടൊപ്പം മറ്റൊരിടത്ത് താമസിക്കുന്ന ബിജു ഇന്നലെ എത്തിയപ്പോഴും അമ്മയെ കാണാനായില്ല. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. അസിസ്റ്റന്റ് ഫയർഓഫീസർമാരായ ടി.കെ. രവീന്ദ്രൻ, പി.എൽ. ഹരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീഅണച്ചത്.