ലൊസാന്നെ : ഉത്തേജക പരിശോധനാ ലാബുകളിലെ രേഖകളിൽ കൃത്രിമം കാട്ടിയത് തെളിഞ്ഞതിനെ തുടർന്ന് അന്തർദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) റഷ്യയ്ക്ക് നാലുവർഷത്തേക്ക് ഒളിമ്പിക്സിലും മറ്റ് മേജർ ചാമ്പ്യൻഷിപ്പുകളിലും വിലക്ക് വിധിച്ചു.
ഇതോടെ 2020 ടോക്കിയോ ഒളിമ്പിക്സ്, 2020 ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ്, 2022 ഖത്തർ ലോകകപ്പ് ഫുട്ബാൾ എന്നിവയിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ കഴിയില്ല.
റഷ്യൻ താരങ്ങൾക്ക് ഗവൺമെന്റിന്റെയും സ്പോർട്സ് അസോസിയേഷനുകളുടെയും അറിവോടെ ഉത്തേജക മരുന്നുകൾ നൽകുന്നുവെന്ന ആരോപണത്തിൻമേൽ തുടങ്ങിയ അന്വേഷണമാണ് വിലക്കിലേക്ക് എത്തിയിരിക്കുന്നത്. റഷ്യൻ ആന്റി ഡോപ്പിംഗ് ഏജൻസി താരങ്ങളുടെ സാമ്പിളുകളിലും പരിശോധനാ ഫലങ്ങളിലും കൃത്രിമം നടത്തി തട്ടിപ്പിന് ഒത്താശ ചെയ്തു. മരുന്നടിച്ച കായികതാരങ്ങളെ തിരിച്ചറിയാതിരിക്കാൻ ചില രേഖകൾ നശിപ്പിച്ചതായും വാഡ കണ്ടെത്തിയിരുന്നു. 2015 മുതൽ റഷ്യയിലെ ആന്റി ഡോപ്പിംഗ് ലാബുകളെക്കുറിച്ച് വാഡ അന്വേഷിച്ച് വരികയായിരുന്നു.
വാഡയുടെ വിലക്ക് അന്താരാഷ്ട്ര കായിക ശക്തിയായി മാറാനുള്ള റഷ്യയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായാണ് വിലക്കാനുള്ള തീരുമാനമെടുത്തതെന്ന് വാഡ വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും റഷ്യൻ താരങ്ങൾക്ക് തങ്ങളുടെ ദേശീയ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനിയുള്ള ഒളിമ്പിക്സിലും ഇതേരീതി തന്നെ തുടരും.
2014 ലെ ശീതകാല ഒളിമ്പിക്സിന വേദിയായത് റഷ്യയിലെ സോച്ചി നഗരമായിരുന്നു. ഇൗ ഗെയിംസിൽ ചാമ്പ്യൻപട്ടം നേടിയെടുക്കാനായി റഷ്യ താരൾക്ക് ഉത്തേജക മരുന്ന് നൽകിയെന്നതായിരുന്നു പ്രധാന ആരോപണം. ഇത് വിവാദമായപ്പോൾ അന്വേഷണം അട്ടിമറിക്കാൻ ഉത്തേജക പരിശോധന ഫലങ്ങളിൽ കൃത്രിമം കാട്ടി. ഇതേത്തുടർന്ന് 2015 ൽ വാഡ റഷ്യൻ ആന്റിഡോപ്പിംഗ് ഏജൻസിയുടെ അംഗീകാരം റദ്ദാക്കിയിരുന്നു.
നാലുവർഷത്തേക്ക് റഷ്യയ്ക്ക് പ്രധാന കായിക മത്സരങ്ങളിൽ പങ്കെടുക്കാനാവില്ലെന്നതിനൊപ്പം പ്രധാന മത്സരങ്ങൾക്ക് വേദിയാകാനും കഴിയില്ല. വാഡയുടെ വിലക്കിനെതിരെ റഷ്യൻ ഒളിമ്പിക് അസോസിയേഷന് അപ്പീൽ നൽകാം. എന്നാൽ അപ്പീലിൽ വിജയിക്കാൻ സാദ്ധ്യതയില്ലെന്ന് റഷ്യൻ കായിക വിദഗ്ദ്ധർ തന്നെപറയുന്നു.
ഉത്തേജക മരുന്ന് പരിശോധനയിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലാത്ത താരങ്ങൾക്ക് മാത്രമേ ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അവസരം നൽകൂ.