തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ദീപ മോഹനെ അസഭ്യം പറയുകയും ചേംബറിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പു പറഞ്ഞ് ബാർ അസോസിയേഷൻ സെഷൻസ് ജഡ്ജിക്ക് കത്തു നൽകി. ദീപ മോഹനെ ഫോണിൽ വിളിച്ചും ഖേദം പ്രകടിപ്പിച്ചു.
ജില്ലാ ജഡ്ജി വിളിച്ച യോഗത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ മാപ്പ് അറിയിച്ചത്. ദൗർഭാഗ്യകരമായ സംഭവമെന്നു ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പും പുറത്തിറക്കി.
മജിസ്‌ട്രേറ്റിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരുൾപ്പെടെ 12 അഭിഭാഷകർക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. അഭിഭാഷകരുടെ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് റിപ്പോർട്ടും നൽകിയിരുന്നു. റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
കഴിഞ്ഞ നവംബർ 27 നായിരുന്നു സംഭവം. 2015ൽ നടന്ന ഒരു വാഹനാപകട കേസിലെ പ്രതിക്കു ജാമ്യം റദ്ദാക്കിയതാണ് ചില അഭിഭാഷകരെ പ്രകോപിപ്പിച്ചത്. അഭിഭാഷകർ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിച്ച് ജോലി തടസ്സപ്പെടുത്തുകയും കോടതി മുറിയും മജിസ്‌ട്രേറ്റിന്റെ ചേംബറും പൂട്ടിയിടുകയുമായിരുന്നു.