തിരുവനന്തപുരം: വടക്കാഞ്ചേരി ചെറുതുരുത്തി സ്വദേശി നിയാസിന്റെ സ്‌കൂട്ടർ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് കടത്തിയവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് കുഴൽമന്ദം സ്വദേശിനി രേഷ്‌മയും ആറ്റിങ്ങൽ സ്വദേശി സുധീഷുമാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ പുരുഷനും സ്ത്രീയും സംശയാസ്‌പദമായി കറങ്ങിനടക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് എസ്.ഐ ആർ.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണെന്ന് തിരിച്ചറിയുകയായിരുന്നു.