novel

''ഭദ്രേട്ടാ..."

സുമംഗല അമ്പരന്നു വിളിച്ചു.

''ഭദ്രാ..." എന്ന് ഇന്ദിരാഭായിയും.

അത് ശ്രദ്ധിച്ചില്ല ബലഭദ്രൻ. അയാൾ തറയിൽ കിടന്ന ചന്ദ്രമൗലിയെ ചവുട്ടാൻ കാലുയർത്തി.

''ഏയ് എന്തായിത്?"

പോലീസുകാരൻ പെട്ടെന്ന് ബലഭദ്രനെ തടഞ്ഞു.

ബലഭദ്രന്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി. രോഷത്തോടെ അയാൾ ചന്ദ്രമൗലിക്കു നേരെ കൈ ചൂണ്ടി.

''ഇവൻ... ഇവനല്ലേ എന്റെ മോളെ പാർക്കിലേക്കു കൂട്ടിക്കൊണ്ടു പോയത്? അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയും ഞാൻ ഇവനെ."

വാക്കുകൾ അയാളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞു.

''താങ്കള് വാ... പറയട്ടെ...."

പോലീസുകാരൻ തമ്പുരാനെ ഡോക്ടറുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി.

വിളറിയ ഭാവത്തിൽ ചന്ദ്രമൗലി തറയിൽ നിന്ന് എഴുന്നേറ്റു.

ഇന്ദിരാഭായി അവന്റെ അടുത്തേക്കു ചെന്നു.

''എന്താ കുട്ടിയുടെ പേര്?"

അവൻ ആ സ്‌ത്രീയെ ദനയീയമായി നോക്കി.

''മൗലി... ചന്ദ്രമൗലി."

''എന്താ എന്റെ കുട്ടിക്ക് പറ്റിയത്?"

''നന്ദ... നന്ദയുടെ അമ്മയാണോ?"

പതർച്ചയോടെ അവൻ തിരക്കി.

''അല്ല. അമ്മയുടെ ചേച്ചിയാ. ഇതാ നന്ദയുടെ അമ്മ..."

''എന്നോട് ക്ഷമിക്കണം. ഞാനോ നന്ദയോ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നു എന്നത് സത്യം. വല്ലപ്പോഴും ലാൽബാഗ് പാർക്കിൽ പോകുകയും ചെയ്തിരുന്നു. പക്ഷേ ഇന്നലെ..."

തമ്പുരാട്ടിമാർക്ക് നെഞ്ചിടിപ്പ് ഏറിത്തുടങ്ങിയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ബലഭദ്രൻ അവർ ഇരുവരോടും ഇനിയും പറഞ്ഞിരുന്നില്ല.

''എന്താ ഉണ്ടായതെന്ന് നീയെങ്കിലും ഒന്നു പറ കുഞ്ഞേ."

ഇന്ദിരാഭായിക്കു തിടുക്കമായി.

ഇരുവരേയും മാറിമാറി നോക്കി ചന്ദ്രമൗലി. പിന്നെ തലേന്നു നടന്നത് പറഞ്ഞു.

''എന്റെ മോളേ..."

നെഞ്ചത്തൊന്നടിച്ചു സുമംഗല. ശിരസ്സ് തീ പിടിച്ച് പാർക്കിൽ അങ്ങിങ്ങോടുന്ന മകളെ അവർ മനസ്സിൽ കണ്ടു.

അവർ ഇപ്പോൾ തളർന്നുവീഴും എന്നു തോന്നി ചന്ദ്രമൗലിക്ക്.

അവനും ഇന്ദിരാഭായിയും കൂടി സുമംഗലയെ താങ്ങി ഒരു കസേരയിൽ ഇരുത്തി. ഇന്ദിരാഭായിയും വിലപിച്ചു തുടങ്ങിയിരുന്നു.

ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി തിടുക്കത്തിൽ വന്ന പോലീസുകാരൻ ചന്ദ്രമൗലിയുടെ കൈയ്ക്കു പിടിച്ചു.

''നീ വാ...."

''എന്താ സാർ?" ചന്ദ്രമൗലിക്കു സംശയമായി.

''ഇനി നീ ഇവിടെ നിന്നാൽ ആ പെണ്ണിന്റെ അച്ഛൻ നിന്നെ കൊന്നെന്നിരിക്കും."

''അതെന്തിനാ... നന്ദയ്ക്ക്..."

''ഷി ഈസ് നോ മോർ."

ശിരസ്സിലൂടെ ഒരു മിസൈൽ പാഞ്ഞു പോയതുപോലെ തോന്നി ചന്ദ്രമൗലിക്ക്.

പോലീസുകാരൻ അവന്റെ കൈയ്ക്കു പിടിച്ചുവലിച്ചു.

''വേഗം വാടാ...."

''ഇല്ല. ഞാൻ വരില്ല സാർ.."

അവൻ എതിർത്തു.

''ഇനി നിന്റെ ബോഡിയുടെയും ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ഞാൻ തന്നെ തയ്യാറാക്കണോടാ? പോലീസ് സ്റ്റേഷനാണ് നിന്റെ ജീവന് ഇപ്പോൾ രക്ഷ. ആന്ധ്രയിൽ നിന്ന് നിനക്കുവേണ്ടി ഹോം മിനിസ്റ്റർ ഇവിടുത്തെ ഡി.ജി.പിയെ വിളിച്ചു സംസാരിച്ചു. നീ വന്നേ പറ്റൂ. ഇല്ലെങ്കിൽ നിന്നെ ഞാൻ പൊക്കിയെടുത്തു കൊണ്ടുപോകും. അങ്ങനെ ചെയ്യാനാണ് മുകളിൽ നിന്നുള്ള ഉത്തരവ്."

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് പോലീസുകാരൻ ബലമായി ചന്ദ്രമൗലിയെ വലിച്ചുകൊണ്ട് പോയി.

ഒരു മിനുട്ടു കഴിഞ്ഞില്ല.

ഡോക്ടറുടെ മുറിയിൽ നിന്ന് കൊടുങ്കാറ്റായി ബലഭദ്രൻ പാഞ്ഞുവന്നു. തന്റെ പത്നിയും ചേട്ടത്തിയുമൊന്നും വിലപിക്കുന്നത് അയാൾ ശ്രദ്ധിച്ചില്ല.

ആരെയോ തിരഞ്ഞ് അയാൾ ഇടനാഴിയിൽ അങ്ങിങ്ങുനോക്കി.

''എവിടെ എവിടെ അവൻ?"

ഇന്ദിരാഭായി നനഞ്ഞ മിഴികളുയർത്തി.

''ആ പോലീസുകാരൻ കൊണ്ടുപോയി."

''രക്ഷപെടുത്തിയതാ അയാള് അവനെ... എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും അവന്റെ ആയുസ്സിന്റെ കണക്കുപുസ്തകം ഞാൻ വലിച്ചുകീറിയിരിക്കും."

അയാളുടെ ശബ്ദം വല്ലാതെ ഉയർന്നു.

തന്റെ ക്യാബിനിൽ നിന്നിറങ്ങി ഡോക്ടർ അവിടേക്കു വരുന്നുണ്ടായിരുന്നു.

''മിസ്റ്റർ ബലഭദ്രൻ. പ്ളീസ്."

ഡോക്ടർ അയാളുടെ തോളിൽ കൈവച്ചു.

തമ്പുരാൻ ആ കൈ തട്ടിമാറ്റി.

''നിങ്ങൾക്ക് അത് പറയാം. ഒരു സോറിയിൽ നിങ്ങൾക്ക് കടമ തീർക്കാം. പക്ഷേ എനിക്ക് നഷ്ടപ്പെട്ടത് എന്റെ മകളെയാ... നിങ്ങൾ ആയിരം വട്ടം സോറി പറഞ്ഞാലും അവൾ മടങ്ങിവരുമോ?"

ഡോക്ടർ മിണ്ടിയില്ല.

മുഖം കുനിച്ചു.

''പക്ഷേ എനിക്ക് അവനെ വേണം. എന്റെ മകളെ പാർക്കിലേക്കു കൂട്ടിക്കൊണ്ടുപോയവനെ. അവൻ ആന്ധ്രാ മുഖ്യമന്ത്രിയുടെ മകനാണെങ്കിൽ പോലും എനിക്ക് പുല്ലാ."

അപ്പോഴേക്കും പുറത്തുനിന്ന് ഡിവൈ.എസ്.പിയും സി.ഐയും അടങ്ങുന്ന പോലീസ് സംഘം കടന്നുവന്നു.

തമ്പുരാൻ ഡോക്ടറോടു പറഞ്ഞതുതന്നെ അവരോടും പറഞ്ഞു.

ഡിവൈ.എസ്.പിയുടെ മുഖം കറുത്തു.

''മിസ്റ്റർ നിങ്ങൾ ആ പയ്യനെ മാത്രം കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം? നിങ്ങളുടെ മകളും കുറ്റക്കാരിയല്ലേ? അവൻ വിളിച്ചപ്പോൾ എന്തിന് കൂടെപ്പോയി. അതും രാത്രിയിൽ?"

ബലഭദ്രൻ ഒന്നുലഞ്ഞു.

ഡിവൈ.എസ്.പി തുടർന്നു:

''പിന്നെ... നിങ്ങളുടെ മകളോട് അതിക്രമം കാണിച്ചവന്റെ മുഖം സിസിടിവിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടി. ഒറ്റനോട്ടത്തിൽ അയാളും ഒരു മലയാളിയാണെന്നാ തോന്നുന്നത്. കൂടുതൽ ഡീറ്റയിൽസ് വ്യക്തമല്ല."

പോലീസ് ഓഫീസർ തന്റെ സെൽഫോണിൽ നിന്ന് ഒരു വീഡിയോ ക്ളിപ്പിംഗ് സെലക്ടു ചെയ്ത് തമ്പുരാന്റെ മുഖത്തിനു നേർക്കു പിടിച്ചു.

ഗേറ്റിലേക്ക് പാഞ്ഞുവരുന്ന ഒരാൾ തമ്പുരാൻ ആ മുഖം ശ്രദ്ധിച്ചു.

അയാളുടെ ഉള്ളിൽ അനേകം ഇടിമുഴക്കങ്ങൾ ഒന്നിച്ചുണ്ടായി.

''പ്രജീഷ്." ആ ചുണ്ടുകൾ മന്ത്രിച്ചു.

(തുടരും)