തിരുവനന്തപുരം: കാൺപൂർ ഐ.ഐ.ടിയിലെ രസതന്ത്ര വിഭാഗം മുൻ മേധാവിയും ശാസ്ത്രജ്ഞനുമായ പ്രൊഫ.എം.വി.ജോർജി (91)ന്റെ സംസ്‌കാരം നടന്നു. നന്തൻകോട് ജറുസലേം മാർത്തോമ പള്ളിയിലെ അന്ത്യകർമ്മങ്ങൾക്കുശേഷം ഇന്നലെ രാവിലെ 11.30ന് നെട്ടയം മലമുകൾ സെമിത്തേരിയിലായിരുന്നു സംസ്‌കാരം.
പള്ളിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു.പ്രൊഫ.സി.എൻ.ആർ.റാവു, എൻ.ഐ.എസ്.ടി ഡയറക്ടർ. ഡോ.അജയഘോഷ്, ഐസർ ഡയറക്ടർ ജെ.എം.മൂർത്തി. ഡോ.സുരേഷ് ദാസ്, ഡോ.ഉമ്മൻ വി.ഉമ്മൻ, ജി.എം.നായർ, മുൻ എം.എൽ.എ കെ.മോഹൻകുമാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ചെന്നൈ യൂണിവേഴ്‌സിറ്റിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും ആഗ്ര യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദവും നേടിയ എം.വി.ജോർജ്, 1966 മുതൽ 1969 വരെയാണ് കാൺപൂർ ഐ.ഐ.ടിയിൽ രസതന്ത്രവിഭാഗം മേധാവിയായിരുന്നത്. 1988ൽ കേരളത്തിലേക്കുമടങ്ങിയ അദ്ദേഹം തിരുവനന്തപുരം റീജണൽ റിസർച്ച് ലബോറട്ടറിയിൽ എമറിറ്റസ് പ്രൊഫസറായി. ഇവിടെ പ്രകാശരസതന്ത്ര ഗവേഷണത്തിനായി ഫോട്ടോ കെമിസ്ട്രി റിസർച്ച് യൂണിറ്റ് സ്ഥാപിച്ചത് ജോർജാണ്. വിതുരയിൽ ഐസർ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു . ടൊറോന്റൊ, അയോവ സ്റ്റേറ്റ്, ഒഹായോ സ്റ്റേറ്റ്, ജർമനിയിലെ മ്യൂണിച്ച് തുടങ്ങിയ സർവകലാശാലകളിലെയും ലണ്ടനിലെ ഇംപീരിയൽ കോളേജുകളിലെയും പ്രശസ്ത ശാസ്ത്രജ്ഞന്മാരുമൊത്ത് പ്രവർത്തിച്ചു. കേരളത്തിലെ സ്‌കൂൾ, കോളേജ് തലങ്ങളിൽ ശാസ്ത്രാവബോധവും ഗവേഷണോത്സുകതയും വളർത്തുന്നതിനായി പ്രൊഫ. സി.എൻ.ആർ.റാവുവിനൊപ്പം ഫൗണ്ടേഷൻ ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ സയൻസ് എന്ന സ്ഥാപനം ആരംഭിച്ചു. പ്രശസ്ത ഗവേഷണ ജേണലുകളിൽ, 200ലധികം ശാസ്ത്രലേഖനങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ്, സി.ആർ.എസ്.ഐ. ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗോൾഡ് മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടി. അവിവാഹിതനായിരുന്നു. കൊല്ലം അഷ്ടമുടി മണപ്പുറം പരേതരായ എം.ഒ.വർഗീസിന്റെയും ചാത്തന്നൂർ നെടുഞ്ചിറ കൈതക്കുഴി സാറാമ്മ മാമ്മന്റെയും മകനാണ്.