ഇന്ത്യൻ സംസ്കാരത്തിന്റെ ആദിമ സ്രോതസുകൾ മതവിഭാഗീയതകൾ തീണ്ടാത്തതായിരുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മീയ ഗീതങ്ങളാണ് അവകളിൽ നിറഞ്ഞിരുന്നത്. വൈവിദ്ധ്യമാർന്ന ചിന്താധാരകളെ ഇരു ഹസ്തങ്ങളും നീട്ടി ആശ്ളേഷിച്ച ആ മഹത്തായ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങളാണ് പലപ്പോഴും ഇവിടെ അരങ്ങേറുന്നത്. ഇതിൽ പലതും സംഘടിതവും ആസൂത്രിതവുമാണെന്ന ദുഃഖസത്യം ഭയാശങ്കകൾക്ക് ഇട നൽകുന്നുമുണ്ട്.
മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ വൈകാരികമായി അവതരിപ്പിച്ചുകൊണ്ട് കലഹത്തിന്റെ വിഷവിത്തുകൾ വാരി വിതറുന്നവർ യഥാർത്ഥത്തിൽ മതത്തിന്റെ അന്തഃസത്തയെ തന്നെയാണ് വെല്ലുവിളിക്കുന്നത്. സർവമത സാഹോദര്യത്തിന്റെ പ്രായോഗിക തലം വിപുലമാക്കുന്നതിലൂടെ മാത്രമേ മതസാഹോദര്യവും മതസമന്വയവും യാഥാർത്ഥ്യമാകൂ. അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് കൈമാറാനും, മസ്ജിദ് നിർമ്മിക്കാൻ അയോദ്ധ്യയിൽ തന്നെ പ്രധാന സ്ഥാനത്ത് അഞ്ച് ഏക്കർ ഭൂമി നല്കാനുമുള്ള സുപ്രീംകോടതി വിധിയെ മാനിച്ചുകൊണ്ടുള്ള പൊതുവികാരം ഇത്തരുണത്തിൽ ഒരു ശുഭസൂചനയായി കാണാവുന്നതാണ്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകേണ്ടതില്ലെന്ന സുന്നി സെൻട്രൽ വക്കഫ് ബോർഡിന്റെ തീരുമാനം മതനിരപേക്ഷതയുടെ മഹനീയ മൂല്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു കാൽവയ്പാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വത്തിന്റെ പ്രായോഗികത സുനിശ്ചിതമാക്കുന്ന ഈ തീരുമാനം ജനാധിപത്യത്തിലെ ഒരു വലിയ മൂല്യമായി കൂടി കാണേണ്ടതുണ്ട്.
'അയോദ്ധ്യാ പ്രശ്നം" ഇന്നലെകളിൽ വെല്ലുവിളിയും ഭീതിയുമാണ് ഉയർത്തിയതെങ്കിൽ ഇന്ന് മതസമന്വയത്തിന്റെ രജതരേഖകളാണ് അവിടെ തെളിഞ്ഞുവരുന്നത്. എല്ലാ മതങ്ങൾക്കും തുല്യ പ്രസക്തി നൽകുന്ന ശാസ്ത്രീയമായ മതേതരത്വ വീക്ഷണമാണ് പ്രായോഗികമാകേണ്ടത്. എല്ലാ മതങ്ങൾക്കും തുല്യ പ്രസക്തി നൽകുന്ന സമീപനമാണത്.
വസ്തുതകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുന്ന ഒരു സിവിൽ വ്യവഹാരം എന്ന നിലയിൽ മാത്രമല്ല വ്യത്യസ്ത മതവിശ്വാസികളുടെ സമാധാനപരമായ സഹവർത്തിത്ത്വം കൂടി ഉറപ്പാക്കുന്നതാണ് 2019 നവംബർ 9-ലെ അയോദ്ധ്യാ കേസ് സംബന്ധിച്ച സുപ്രീംകോടതി വിധി.
നിയമത്തിന്റെ മുമ്പിലെ തുല്യത അഥവാ നിയമപരമായ തുല്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടന എല്ലാവിധത്തിലുള്ള വിശ്വാസങ്ങൾക്കും ആരാധനകൾക്കും പ്രാർത്ഥനകൾക്കും തുല്യ പരിഗണന നൽകുന്നുമുണ്ട്.
1528-ലാണ് ബാബറി മസ്ജിദ് നിലവിൽ വന്നത്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്ന ഒരു പ്രാകൃത പ്രതികാരത്തിന്റെ കഥ പലരും പറഞ്ഞെങ്കിലും അതൊന്നും സംശയലേശമെന്യെ തെളിയിക്കപ്പെട്ടില്ല. എന്നാൽ 1992 ഡിസംബർ ആറിന് നിയമവിരുദ്ധമായിട്ടാണ് പള്ളി പൊളിച്ചതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ജനതയ്ക്ക് ഇത് ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണ്. സർവമത സാഹോദര്യം പ്രായോഗികമാക്കാനുള്ള ചുമതല പവിത്രമായ ഒരു കടമയായി നാം ഏറ്റെടുക്കേണ്ടതുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സുപ്രീംകോടതിയുടെ സവിശേഷാധികാരത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ നീതി ലക്ഷ്യമാക്കിക്കൊണ്ടാണ് പള്ളി പണിയാൻ അയോദ്ധ്യയിൽ അഞ്ച് ഏക്കർ ഭൂമി സുന്നി സെന്റർ വക്കഫ് ബോർഡിന് നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിന് ക്രിയാത്മക നിലപാടുകളാണ് സ്വീകരിക്കേണ്ടത്. നിഷേധാത്മക നിലപാടുകൾ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കും.
അയോദ്ധ്യയിൽ തർക്കഭൂമിയിൽ ശ്രീരാമക്ഷേത്രവും അനുയോജ്യമായ സ്ഥലത്ത് പള്ളിയും ഉയരുമ്പോൾ പുതിയൊരു സാംസ്കാരിക ഐക്യമാണ് അനുഭവവേദ്യമാകുന്നത്. മതസമന്വയത്തിന്റെ ശാസ്ത്രീയ പദ്ധതിയായി കൂടി അത് വിലയിരുത്തപ്പെടും. ഭാവിയെ താലോലിക്കുന്ന മനസുകൾക്ക് ഇത് സംതൃപ്തി പകരുക തന്നെ ചെയ്യും. അയോദ്ധ്യാ പ്രശ്നത്തിന്റെ സഫലമായ പരിസമാപ്തി മതേതരത്വത്തിനു വേണ്ടിയുള്ള ഈ ജാഗരൂകത തന്നെയാണ്.