keralam
photo

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനം വരവിൽ മാത്രമല്ല പദ്ധതികൾക്ക് തുക വകയിരുത്തിയതിലും മറ്ര് സംസ്ഥാനങ്ങൾക്ക് പിറകിൽ. വിവിധ വകുപ്പുകൾക്കായി കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ തുകയുടെ ശതമാനം മറ്ര് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബഡ‌്ജറ്ര് വിവരങ്ങളെ ആസ്പദമാക്കി ‌ഡൽഹിയിലെ പി.ആർ.എസ് ലജിസ്ലേച്ചർ റിസർച്ച് നടത്തിയ പഠനത്തിലാണ് കൃഷി, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ വകയിരുത്തൽ വളരെ കുറവാണെന്ന് കണ്ടെത്തിയത്. എന്നാൽ ആരോഗ്യ രംഗത്തും റോഡ്, പാലം പണിക്കും മറ്ര് സംസ്ഥാനങ്ങളുടെ ശരാശരിയെക്കാൾ കേരളം മുന്നിലാണ്.

വിദ്യാഭ്യാസ രംഗത്ത് കേരളം വകയിരുത്തിയിരിക്കുന്നത് ആകെ ചെലവിന്റെ 15 ശതമാനമാണ്. ഇന്ത്യയിലെ മറ്ര് 26 സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് ഇതിനെക്കാൾ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ കേരളം 5.1 ശതമാനം വകയിരുത്തിയിട്ടുണ്ട്. കൃഷിക്ക് കേരളം ചെലവിന്റെ 5.7ശതമാനം വകയിരുത്തിയപ്പോൾ മറ്ര് 26 സംസ്ഥാനങ്ങളുടെയും ശരാശരി 6.5 ശതമാനമാണ്. ഗ്രാമീണ വികസന മേഖലയിൽ കേരളത്തിന്റെ ചെലവ് 4.8 ശതമാനമാണെങ്കിൽ മറ്ര് സംസ്ഥാനങ്ങളുടെ ശരാശരി 6.2 ശതമാനമാണ്. ക്രമസമാധാനം കൈകാര്യം ചെയ്യുന്ന പൊലീസിന് വേണ്ടി നാം 2.8 ശതമാനം വകയിരുത്തുമ്പോൾ മറ്ര് സംസ്ഥാനങ്ങൾ ശരാശരി 4 ശതമാനം ചെലവിടുന്നുണ്ട്. പാലങ്ങൾക്കും റോഡുകൾക്കും വേണ്ടി കേരളം ചെലവിടുന്നത് 4.7 ശതമാനമാണ്.

 കടബാദ്ധ്യത കൂടി

കേരളത്തിന്റെ ആകെ ആഭ്യന്തരോല്പാദനം 8.75 ലക്ഷം കോടിയാണ്. 2019-20ഓടെ കേരളത്തിന്റെ കടബാദ്ധ്യത ജി.എസ്. ഡി.പിയുടെ 30.2 ശതമാനമായി ഉയരുമെന്നാണ് അനുമാനം.

2019-20 ൽ നൽകേണ്ടത്

വായ്പ- 17,739 കോടി

വായ്പാ പലിശ - 17,201 കോടി

ശമ്പളം, പെൻഷൻ തുടങ്ങിയവയ്ക്കായി മറ്ര് സംസ്ഥാനങ്ങൾ ബ‌‌ഡ്ജറ്റിന്റെ 39 ശതമാനം ചെലവഴിക്കുമ്പോൾ കേരളം ചെലവഴിക്കുന്നത് 55%

 യു.ഡി.എഫ് ധവളപത്രം അടുത്തയാഴ്ച

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള യു.ഡ‌ി.എഫ് ധവളപത്രം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.

എഫ്.ആർ.ബി.എം നിയമത്തെ മറികടന്നുള്ള കിഫ്ബി വായ്പയെ ആദ്യം അനുകൂലിച്ച പ്രതിപക്ഷം ഇപ്പോൾ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.