തിരുവനന്തപുരം: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തിങ്കളാഴ്ച് ഉച്ചയ്ക്ക് ഒന്നോടെ പാപ്പനംകോട്ടാണ് സംഭവം. പാപ്പനംകോട് ഗ്രാമീൺ ബാങ്കിലെത്തിയ മലയം വിഴവൂർ എ.എ. നിവാസിൽ ശുഭയുടെ മൂന്നരപ്പവന്റെ താലിമാലയാണ് കള്ളൻ തട്ടിയെടുത്തത്. ബാങ്കിൽ നിന്നും പുറത്തിറങ്ങി സ്‌കൂട്ടർ സ്റ്റാർട്ടാക്കുന്നതിനിടെ അടുത്തെത്തിയ തളിയൽ സ്വദേശി അയ്യപ്പൻ (41) മാല പൊട്ടിച്ച് ഓടുകയായിരുന്നു. ശുഭ ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും സ്‌കൂട്ടർ മറിഞ്ഞതിനാൽ കഴിഞ്ഞില്ല. ഇതിനിടെ ശ്രീരാഗം റോഡിലേക്ക് ഓടിയ മോഷ്ടാവിനെ ശുഭ പിന്തുടർന്നു. ശുഭയ്ക്ക് പിന്നാലെ കണ്ടുനിന്നവരും ഓടി കള്ളനെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. നേമം പൊലീസെത്തി അയ്യപ്പനെ കസ്റ്റഡിയിലെടുത്തു. മോഷ്ടാവിന്റെ പോക്കറ്റിൽ നിന്ന് മുളക് പൊടിയും മണൽ പൊടിയും കണ്ടെത്തി. ഇയാളെ റിമാൻഡ് ചെയ്‌തു.