സർക്കാർ ചെലവിൽ സംസ്ഥാനത്തെ 75 കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിൽ ഒരാഴ്ചത്തെ പരിശീലനത്തിനു കൊണ്ടുപോകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സർക്കാർ എന്തു ചെയ്താലും ദോഷം മാത്രം കാണുന്ന പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രതിഷേധക്കാരുടെ കൂട്ടത്തിലുള്ളത്. അരാഷ്ട്രീയവാദികളും വാളെടുത്ത് ഒപ്പമുണ്ട്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുമ്പോൾ ഒരു കോടിയിൽപ്പരം രൂപ മുടക്കി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ ലണ്ടൻ കാണിക്കാൻ കൊണ്ടുപോകുന്നതിലെ വൈരുദ്ധ്യമാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ കാര്യം ശരിയല്ലേ എന്ന് ആരും ചിന്തിച്ചുപോകും. എന്നാൽ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ പ്രതിഷേധക്കാർക്ക് വേറെ പണിയൊന്നുമില്ലേ എന്നും തോന്നും.
നാനാതരം ചെലവുകളുടെ കൂട്ടത്തിൽ വിദ്യാർത്ഥി നേതാക്കളുടെ ലണ്ടൻ യാത്രയ്ക്കായി ഒരു കോടിയിൽപ്പരം രൂപ ചെലവിടുന്നത് വലിയ ധൂർത്തായോ പാഴ്ചെലവായോ കാണേണ്ടതില്ല. കുട്ടിനേതാക്കളും വിദേശത്തു പോയി നല്ല കാര്യങ്ങൾ കണ്ടു പഠിക്കട്ടെ എന്നു വിചാരിച്ചാൽ മതി. മനസിലെ കാലുഷ്യവും പതഞ്ഞുപൊങ്ങുന്ന കുശുമ്പുമൊക്കെ താനേ അലിഞ്ഞില്ലാതാകും. വിദ്യാർത്ഥി യൂണിയൻ നേതാക്കളെ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള കുറച്ചുപേരെ വീതം ഊഴമിട്ട് വിദേശത്തു കൊണ്ടുപോകാൻ വകുപ്പുണ്ടെങ്കിൽ അതുകൊണ്ട് സംസ്ഥാനത്തിന് നേട്ടമല്ലാതെ നഷ്ടമൊന്നും വരികയില്ലെന്നു തീർച്ചയാണ്. ലോകം കാണാത്തതിന്റെയും പരിഷ്കാരം അറിയാത്തതിന്റെയും നല്ല ദോഷം ഇവിടെ വളരെ പ്രകടമാണ്.
എന്തു നല്ല കാര്യങ്ങളുമായി സർക്കാർ മുന്നോട്ടുവന്നാലും കാര്യമറിയാതെ അവയെ എതിർക്കാനുള്ള വാസന കാര്യങ്ങൾ ശരിയായി ഗ്രഹിക്കാത്തതു കൊണ്ടാണ്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ കൊണ്ടുവരുന്ന പദ്ധതികൾ പോലും കൊല്ലങ്ങളോളം കിടന്നുപോകുന്നത് ഇവിടെ പതിവാണ്. സങ്കുചിത്വത്തിന്റെയും സ്വാർത്ഥ താത്പര്യങ്ങളുടെയും പടുകുഴിയിൽ നിന്ന് പുറത്തുവരാനുള്ള മടിയാണ് ഇതിനു പ്രധാന കാരണം. വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ അവിടത്തെ കാഴ്ചകൾ ആവേശത്തോടെ വർണിക്കുന്നവർ നാട്ടിലെത്തിയാൽ എല്ലാത്തരം വികസന പദ്ധതികൾക്കും എതിരു നിൽക്കുന്നതു കാണാം. വിദേശത്ത് എട്ടുവരി പാതയിലൂടെയും പത്തുവരി പാതയിലൂടെയും ഗതാഗത തടസമില്ലാതെ സ്വപ്നയാത്ര ചെയ്യുമ്പോഴുണ്ടാകുന്ന നല്ല അനുഭവമുള്ളവർ സ്വന്തം നാട്ടിൽ പാത വികസനത്തിനെതിരെ കൊടി പിടിച്ച് മുന്നിലുണ്ടാകും. പരിഷ്കൃത രാജ്യങ്ങളിലെ ഗതാഗത നിയമങ്ങളെ പ്രശംസിക്കുന്നവർ ഇവിടെ എത്തുമ്പോൾ ഗതാഗത നിയമങ്ങളുടെ കടുത്ത ലംഘകരാകും.
കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിൽ ഒരാഴ്ച പരിശീലനത്തിന് അയയ്ക്കുന്നത് സംസ്ഥാനത്തിന് തീർച്ചയായും ഗുണമേ ഉണ്ടാക്കൂ. കലാലയങ്ങൾ ഇവിടെ എന്നും സംഘർഷഭരിതമാണ്. നിസാരപ്രശ്നങ്ങളുടെ പേരിൽ പോലും കുട്ടികൾ തമ്മിൽത്തല്ലുകയും അദ്ധ്യയനം സ്തംഭിപ്പിക്കുകയും ചെയ്യാറുണ്ട്. കത്തിക്കുത്തും വധശ്രമവുമൊക്കെ സാധാരണ സംഭവങ്ങളായിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന പടിയായി കലാലയ രാഷ്ട്രീയത്തെ കാണുന്നവർ നേതൃപദവി ഉറപ്പിക്കാൻ ഏതു സാഹസത്തിനും തയ്യാറാകും.
അദ്ധ്യയന രംഗത്തെന്നപോലെ യൂണിയൻ പ്രവർത്തനത്തിനും അക്കാഡമിക് സ്വഭാവം കൈവരികയാണെങ്കിൽ ധാരാളം മെച്ചമുണ്ട്. സംസ്കാരവും സൗഹൃദവും മറന്നുകൊണ്ടുള്ള യൂണിയൻ പ്രവർത്തനമല്ല കാലം ഇന്ന് വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയമായി ഭിന്നചേരിയിലാകുമ്പോഴും എല്ലാം ഉൾക്കൊള്ളാനുള്ള മനസിന്റെ ഉടമകളാകുക എന്നത് വലിയ കാര്യം തന്നെയാണ്. ഇംഗ്ളണ്ട് പോലുള്ള പരിഷ്കൃത രാജ്യങ്ങളിലെ കലാലയങ്ങളിലെ വിദ്യാർത്ഥി കൂട്ടായ്മകൾ എങ്ങനെയെല്ലാമാണ് പ്രവർത്തിക്കുന്നതെന്ന് നേരിൽ മനസിലാക്കാനുള്ള അപൂർവ അവസരമാണ് ഇത്തരം വിനിമയ പരിപാടി വഴി ലഭിക്കുന്നത്. സർക്കാർ നേരിടുന്ന ദുരിതാവസ്ഥയുടെ പേരിൽ ഉപേക്ഷിക്കേണ്ടതല്ല ഇത്തരം നല്ല കാര്യങ്ങൾ. ഇതിനായി ഖജനാവിൽ നിന്നു പോകുന്ന കേവലം ഒരു കോടി രൂപ കൊണ്ട് സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് തീരാനും പോകുന്നില്ല. മറിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ഈ യാത്രയിലൂടെ ഇതുവരെ കാണാത്തതും അറിയാത്തതുമായ അനുഭവങ്ങളിലൂടെയാകും കടന്നുപോകുന്നത്. ഈ വർഷം കൊണ്ട് അവസാനിപ്പിക്കാതെ തുടർ പരിപാടിയായി നിലനിറുത്താനും സർക്കാർ ശ്രമിക്കണം.
വിദേശയാത്ര പണ്ടത്തെപ്പോലെ സമൂഹത്തിലെ ഏറ്റവും സൗഭാഗ്യമുള്ളവർക്കു മാത്രമെന്ന രീതി മാറിക്കഴിഞ്ഞു. ലോകം തന്നെ കൈപ്പിടിയിൽ ഒതുങ്ങുന്ന സ്ഥിതിയായതോടെ ഏറ്റവും കുറഞ്ഞ ചെലവിൽ ആർക്കും യാത്ര പോകാമെന്ന നിലയായിട്ടുണ്ട്. കാര്യങ്ങളെക്കുറിച്ച് തിട്ടമില്ലാത്തതുകൊണ്ടാണ് മന്ത്രിമാരുടെയും മറ്റും വിദേശ യാത്രകളെക്കുറിച്ചുള്ള പതിവു ചോദ്യങ്ങളുമായി വലിയ രാഷ്ട്രീയക്കാർ പോലും നിയമസഭയുടെ വിലപ്പെട്ട സമയം അപഹരിക്കാറുള്ളത്. മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഈയിടെ നടത്തിയ വിദേശ യാത്രയെക്കുറിച്ച് പ്രതിപക്ഷം എത്ര വലിയ വിവാദമാണ് ഉയർത്തിയത്. രൂപ അണ കണക്കിൽ ഇത്തരം കാര്യങ്ങൾ വിലയിരുത്താൻ തുടങ്ങിയാൽ ഒരിടത്തും എത്താൻ പോകുന്നില്ല. കോളേജ് യൂണിയൻ ചെയർമാന്മാരുടെ നിർദ്ദിഷ്ട ലണ്ടൻ യാത്ര സഫലമാകട്ടെ എന്ന് ആശംസിക്കാം.