ggg

നെയ്യാറ്റിൻകര: നഗരസഭയിലെ അംഗൻവാടി നിയമനം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നടപ്പാക്കണമെന്നും ചെയർപേഴ്സൺ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ അംഗൻവാടി ഹെൽപ്പർ - വർക്കർ എന്നിവർക്കായി സംഘടിപ്പിച്ച ട്രെയിനിംഗ് ഹാളിലേക്ക് തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10ഓടെ നഗരസഭാ മിനിഹാളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നഗരസഭാ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്റർവ്യൂ ബോർഡ് പിരിച്ചുവിടണമെന്നും അംഗൻവാടി നിയമനങ്ങൾ റദ്ദാക്കണമെന്നും ഹൈക്കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്. ഈ സമയം പുതുതായി തിരഞ്ഞെടുത്ത അംഗൻവാടി ഹെൽപ്പർക്കും വർക്കർക്കും നഗരസഭാ മിനിഹാളിൽ പരിശീലന ക്ലാസ് നടക്കുകയായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ലളിതാസോളമന്റെയും ഉപനേതാവ് ഗ്രാമം പ്രവീണിന്റെയും നേതൃത്വത്തിലായിരുന്നു കൗൺസിലർമാർ ഇവിടേക്ക് തള്ളിക്കയറിയത്. പ്രതിഷേധക്കാർ ബഹളംവച്ചതോടെ നെയ്യാറ്റിൻകര സി.ഐ പ്രദീപ്, എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനിതാപൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘമെത്തി കൗൺസിലർമാരെ അറസ്റ്റുചെയ്‌ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യു.ഡി.എഫ് ജില്ലാ കൺവീനർ സോളമൻ അലക്‌സ്, ഡി.സി.സി സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ കൗൺസിലർ‌മാർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.