cm

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ലഭ്യമാക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടത്തെ തൊഴിൽ സംസ്കാരം മാറണം. വിദേശങ്ങളിൽ പഠനത്തിനൊപ്പം ഹോട്ടലുകളിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്നവരു

ണ്ട്. നവകേരള നിർമ്മിതിക്ക് വിദ്യാർത്ഥി പങ്കാളിത്തം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുവത സമൂഹത്തിന്റെ നാലടി മുന്നിൽ നടക്കേണ്ടവരാണ്. വിദ്യാർത്ഥികളുടെ കൂട്ടായ ശക്തി നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കണം. അവർ പിന്തിരിപ്പൻ ആശയങ്ങളുടെ വക്താക്കളാവരുത്. പണ്ട് ജാതീയമായ വേർതിരിവിനെത്തുടർന്ന് സമൂഹത്തിന്റെ താഴെത്തട്ടിലായിപ്പോയവരെ മുൻനിരയിലെത്തിക്കാനാണ് സംവരണം. ആ വിഭാഗത്തിലെ മഹാഭൂരിപക്ഷവും ഇപ്പോഴും സാമൂഹ്യമായ അവശത അനുഭവിക്കുന്നവരാണ്. ഈ സ്ഥിതി നിലനിൽക്കുന്നിടത്തോളം സംവരണം തുടരേണ്ടി വരും.

കലാലയങ്ങളിൽ പൊതുഅച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് സ്ഥാപനത്തെ മുന്നോട്ട് നയിക്കില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വയം നിയന്ത്രണം പാലിക്കണം. അല്ലാത്തപ്പോഴാണ് നിയമങ്ങളും ചട്ടങ്ങളും പ്രയോഗിക്കേണ്ടി വരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാല് സർവകലാശാലകളിലെയും അതിന് കീഴിലുള്ള കോളേജുകളിലെയും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളാണ് കോൺക്ലേവിൽ പങ്കെടുത്തത്. കടലിലും കായലിലും മാലിന്യം വലിച്ചെറിയുന്നത് തടയണമെന്ന് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. കാമ്പസുകളെ ലഹരി മുക്തമാക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും വേണം. കാമ്പസുകളിലെ സ്ത്രീകളുടെ ശുചിമുറികൾ വൃത്തിയുള്ളവയായിരിക്കണം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കേരള സർവകലാശാല വൈസ് ചാൻസലൻ ഡോ. മഹാദേവൻ പിള്ള, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ, കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി. വിഘ്‌നേശ്വരി, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സന്നിഹിതരായിരുന്നു.