dec10b

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് രാത്രിയും പകലും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. പകൽ സമയം കറങ്ങിത്തിരിഞ്ഞ് സ്റ്രാൻഡിൽ നടക്കുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ ഒത്തുകൂടുന്നത് യാത്രക്കാർക്ക് ശല്യമായി മാറുകയാണ്. യാത്രക്കാരെ ആക്രമിക്കുന്ന സംഘമായി മാറിയിരിക്കുകയാണ് ഇവറ്റകൾ. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനെ നായ കടിച്ചത് ഭീതി ഉയർത്തുകയാണ്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ നായ്ക്കളെ പേടിച്ച് രാത്രികാലങ്ങളിൽ സ്റ്റാൻഡിന് വെളിയിൽ നിന്ന് ബസ് വരുമ്പോൾ മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. ഈ സമയവും ഇവരുടെ കൈവശമുള്ള സാധനങ്ങൾ തട്ടിയെടുക്കാൻ ചില നായ്ക്കൾ ശ്രമിക്കുന്നുണ്ട്.

മുൻപ് ഇടറോഡുകളിലായിരുന്നു ഇവരുടെ ആക്രമണമെങ്കിൽ ഇപ്പോൾ നഗര മദ്ധ്യത്തിലാണ് ഇവർ വിഹരിക്കുന്നത്. ബസ് സ്റ്റാൻഡിന് പുറമേ ആറ്റിങ്ങലിലെ വിവിധ സ്‌കൂളുകളിലും നായ്ക്കളുടെ ശല്യം കൂടിവരികയാണ്. ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്നത് വാർത്തയായിരുന്നു. തകർന്ന മതിൽ വഴിയായിരുന്നു ഇവ കടന്ന് കുട്ടികളെ ആക്രമിച്ചിരുന്നത്. വാർത്ത വന്നതോടെ അധിക‌‌ൃതർ മതിൽ കെട്ടിയടച്ച് പ്രശ്നം പരിഹരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നായ്ക്കൾ കൈയടക്കിയതോടെ ജീവനക്കാരും ഭയന്നാണ് നടക്കുന്നത്. അക്രമകാരികളായ നായ്ക്കളെയെങ്കിലും നഗരസഭ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ ബസുകൾക്ക് പോലും കയറാൻ കഴിയാത്ത സ്ഥിതിയാകുമെന്നാണ് ജീവനക്കാർ പറയുന്നത്.സമ്പൂർണ വന്ധീകരണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു താനും.എന്നാൽ മറ്റിടങ്ങളിൽ നിന്ന് നായ്ക്കൾ ഈ ഭാഗത്തേയ്ക്ക് എത്തുന്നത് തടയാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവു നായ് ശല്യം പലയിടത്തും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയെ നശിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. തെരുവു നായ് ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ നഗരസഭ ആലോചിക്കുകയാണ്.