മുടപുരം: ആറ്റിങ്ങൽ ഗവ. പോളി ടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സെന്ററിന്റെ ആഭിമുഖ്യത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് ക്ഷേത്രത്തിൽ നടത്തി വരുന്ന സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം അനിശ്ചിതത്വത്തിൽ. ഏപ്രിൽ മാസത്തിൽ പരിശീല കോഴ്സുകൾ ആരംഭിക്കേണ്ടതാണ്. എന്നാൽ എട്ട് മാസം കഴിഞ്ഞിട്ടും പുതിയ ബാച്ചുകൾ തുടങ്ങിയിട്ടില്ല. ഇതിനായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട ഫണ്ട് യഥാസമയം എത്താത്തതിനാലാണ് പരിശീലനം ആരംഭിക്കാൻ കഴിയാത്തത്. നാട്ടിലെ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് അവസരം ഒരുക്കുന്ന ഈ സൗജന്യ പരിശീലന കോഴ്സ് ഫണ്ട് ലഭ്യമാക്കി പുനരാരംഭിക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ്, തോന്നയ്ക്കൽ സായി ഗ്രാമം, എസ്.എൻ.ഡി.പി യോഗം കിളിമാനൂർ യൂണിയൻ, എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ, എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം യൂണിയൻ, കപ്പാംവിള ഇസ്ലാമിക് സെന്റർ, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ, കുടവൂർ മഹാദേവ ട്രസ്റ്റ്, ചിറയിൻകീഴ് എൻ.ഇ.എസ്.ബ്ലോക്ക് എന്നീ സെന്ററുകളിലാണ് പരിശീലനം നടത്തിയിരുന്നത്. ഇതിന് പുറമേ ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘം, പനപ്പാം കുന്ന് ജനത വായനശാല, ചെമ്പകമംഗലം എ.ടി. കോവൂർ ഗ്രന്ഥശാല,അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥ ശാല, കാട്ടുമ്പുറം കടുവയിൽ നവഭാവന ബ്രദേഴ്‌സ് എന്നീ കേന്ദ്രങ്ങളിലും ഈ വർഷം പുതുതായി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ പോളിടെക്‌നിക് തീരുമാനിച്ചിട്ടുണ്ട്.