തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് കോൺക്ലേവിൽ വിദ്യാർത്ഥികളുടെ പരാതിപ്രളയം. ഇന്റേണൽ അസസ്‌മെന്റിന്റെ പേരിൽ അദ്ധ്യാപകർ പല രീതിയിൽ പീഡിപ്പിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു മറ്റു ചിലരുടെ പരാതി. ഉന്നതവിദ്യാഭ്യാസ വകുപ്പാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ച് ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചത്.

കാമ്പസുകളിൽ പരാതി ബോധിപ്പിക്കാൻ സമിതികളില്ല, വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യത്തിന്‌ ശുചിമുറികളില്ല, അനിയന്ത്രിതമായ ഫീസ് വർദ്ധന, കോഴ്‌സ് പൂർത്തിയാക്കിയിട്ടും തൊഴിൽ ലഭിക്കാത്ത അവസ്ഥ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിയുടെ മുമ്പാകെ അവർ ഉന്നയിച്ചത്.
ഇന്റേണൽ അസസ്‌മെന്റിന്റെ പേരിൽ സർവകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥികൾ വേട്ടയാടപ്പെടുന്നുവെന്ന് ആരോഗ്യ സർവകലാശാലയിൽ നിന്നുള്ള യൂണിയൻ ഭാരവാഹി പറഞ്ഞു. തിയറി പരീക്ഷ ജയിച്ചാലും അദ്ധ്യാപകർ വൈരാഗ്യബുദ്ധിയോടെ ഇന്റേണൽ അസസ്‌മെന്റിൽ തോൽപ്പിക്കുന്നത് കാരണം പരീക്ഷ ജയിക്കാനാവാത്ത സാഹചര്യമുണ്ടെന്ന് ആരോഗ്യ സർവകലാശാല അഡ്‌ജുഡിക്കേഷൻ കമ്മിറ്റി അംഗം കൂടിയായ വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥികളെ വിലയിരുത്താൻ അദ്ധ്യാപകർക്ക് അവസരമുള്ളതുപോലെ അദ്ധ്യാപകരെ വിലയിരുത്താൻ വിദ്യാർത്ഥികൾക്കും അവസരമുണ്ടാകണം. അദ്ധ്യാപകന്റെ സ്ഥാനക്കയറ്റത്തിനും ശമ്പളപരിഷ്കരണത്തിനും വിദ്യാർത്ഥിയുടെ വിലയിരുത്തലും ഘടകമാകണമെന്നും അവർ വാദിച്ചു. ഇന്റേണൽ അസസ്‌മെന്റിന് മിനിമം മാർക്ക് നിബന്ധന എടുത്തുമാറ്റിയ സാങ്കേതിക സർവകലാശാലയുടെ രീതി മറ്റ് സർവകലാശാലകളിലും വേണമെന്ന ആവശ്യവുമുയർന്നു.

പ്രിൻസിപ്പൽമാരും കോളേജ് അധികാരികളും ചേർന്ന് ഏകപക്ഷീയമായ നിയമങ്ങളാണ് കാമ്പസുകളിൽ അടിച്ചേല്പിക്കുന്നത്. അദ്ധ്യാപക, വിദ്യാർത്ഥി, പി.ടി.എ പ്രതിനിധികൾക്ക് ഇടമുള്ള കാമ്പസ് കൗൺസിൽ രൂപീകരിക്കുകയും ഇവയുടെ അംഗീകാരത്തോടെ മാത്രം നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകണം. സമയംതെറ്റിയുള്ള പരീക്ഷകൾ വിദ്യാർത്ഥികളുടെ ഉപരിപഠന, തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. രണ്ട് വർഷ പി.ജി കോഴ്‌സ് പൂർത്തിയാക്കാൻ മൂന്ന് വർഷമെടുക്കുന്നു. പരീക്ഷാഫീസ് ഉൾപ്പെടെയുള്ളവയിലെ വർദ്ധന നിർദ്ധനവിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. പല വിദ്യാർത്ഥികൾക്കും ഫീസടയ്ക്കാൻ കഴിയാതെ പരീക്ഷ എഴുതാനാവാത്ത സാഹചര്യമുണ്ട്. തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കുപോലും തൊഴിൽ ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.