wt

വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടിയിലും തൊട്ടടുത്ത ജംഗ്ഷനായ വിനോബാനികേതനിലും അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും ഇതിനായി ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. മലയടിയിലുള്ള വെയിറ്റിംഗ് ഷെഡ് ഇപ്പോൾ കാറ്റടിച്ചാൽ നിലം പൊത്തുന്ന അവസ്ഥയിലാണെന്നും, ആര്യനാട് - വിതുര റോഡിലുള്ള ഇൗ കാത്തിരിപ്പുകേന്ദ്രം നിരവധി വിദ്യാർത്ഥികളും നാട്ടുകാരും ആശ്രയിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. മലയടിയിലെ വെയിറ്റിംഗ് ഷെഡ് കെട്ടിടത്തിന്റെ ചുവരുകളും മുകൾ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് കമ്പി പുറത്തു തള്ളി നിൽക്കുന്ന അവസ്ഥയിലാണ്. മുകൾ ഭാഗം മുഴുവൻ പായൽമൂടി. ബസ് കാത്ത് വെയിറ്റിംഗ് ഷെഡിനകത്തിരുന്നവരുടെ ദേഹത്ത് കോൺക്രീറ്റ് ഇളകി വീണ സംഭവവും ഉണ്ടായി. മലയടിയിൽ പുതിയ വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മലയടിയിലെ വെയിറ്റിംഗ് ഷെഡ് നിലംപൊത്താറായതോടെ മാസങ്ങളായി ആരും ഇവിടേക്ക് കയറാറില്ല. യാത്രക്കാർ മഴയും, വെയിലുമേറ്റ് റോഡിൽ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയാണ്. ബസ് കാത്ത് റോഡരികിൽ നിന്നവരെ വാഹനം ഇടിച്ച സംഭവവും ഉണ്ട്. അടിയന്തരമായി ഇവിടെ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലയടി റസിഡന്റ്സ് അസോസിയേഷനും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ആര്യനാട് - വിതുര റോഡിൽ വിനോബാനികേതനിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് ഒരു വർഷം മുൻപാണ് പൊളിച്ചുമാറ്റിയത്. നിർദ്ദിഷ്ട വെള്ളനാട് - ചെറ്റച്ചൽ റോഡ് വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തത്. പകരം വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. വിതുര, ആര്യനാട്, നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാ‌ർ മഴയത്തും വെയിലത്തും റോഡിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലായിരുന്നു. ഇതു സംബന്ധിച്ചും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മലയടിയിലും വിനോബാനികേതനിലും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനായി ഏഴ് ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാറും, മലയടി റസിഡന്റ്സ് അസോസിയേഷനും നന്ദി രേഖപ്പെടുത്തി.