ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ തലയൽ ആലുവിള റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടത് വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ആലുവിള മുതൽ വില്ലിക്കുളം വരെ റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡ് നവീകരണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയിൽ നിന്നും ആലുവിളയിലേക്ക് തിരിയുന്ന ഭാഗത്ത് ആഴത്തിലുള്ള കുഴികളാണുള്ളത്. പാറക്കുഴി ഹരിജൻകോളനി, ലക്ഷം വീട് കോളനി, കൈത്തറി - നെയ്ത്ത് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വില്ലിക്കുളം കൈത്തറിഗ്രാമം എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ഓട്ടോറിക്ഷ പോലും ഇതുവഴി വരാറില്ലെന്നതിനാൽ യാത്രാക്ലേശവും രൂക്ഷമായി തുടരുകയാണ്. ഐത്തിയൂർ നേതാജി പബ്ലിക് സ്കൂൾ, നെല്ലിമൂട് ന്യൂഹയർസെക്കൻഡറി സ്കൂൾ, ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ, നസ്രത്ത് ഹോം സ്കൂൾ, ജി.ആർ പബ്ലിക് സ്കൂൾ, വിശ്വഭാരതി പബ്ലിക് സ്കൂൾ തുടങ്ങിയവയുടെ സ്കൂൾ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ആലുവിള ഓടയിൽ നിന്നുള്ള മലിനജലം ഇറിഗേഷൻ കനാൽ വഴി ഒഴുകുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തലയൽ - ആലുവിള റോഡിൽ ബ്ലോക്ക് മെമ്പർ അഡ്വ. ഡി.സുരേഷ് കുമാറിന്റെ വാർഷിക ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുവദിച്ച് ആദ്യഘട്ട ഓടയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ വീണ്ടും 8 ലക്ഷം രൂപയുടെ പ്രോജക്ട് കൈമാറിയെങ്കിലും പണികൾ തടസപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് നവീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.