തിരുവനന്തപുരം: നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ രണ്ട് ജലശുദ്ധീകരണ ശാലകളിലെ പമ്പുസെറ്റുകൾ മാറ്റുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായി 13, 14 തീയതികളിൽ പമ്പിംഗ് നിറുത്തിവയ്ക്കുമ്പോൾ ജലക്ഷാമം ഉണ്ടാകാതിരിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടാങ്കുകളിൽ വെള്ളം ശേഖരിക്കും. ടാങ്കർ ലോറികളിലും വെള്ളമെത്തിക്കും. ജലദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 13 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14ന് പുലർച്ചെ 2 വരെ 74 എം.എൽ.ഡി ശുദ്ധീകരണശാലയും 14ന് ഉച്ചയ്ക്ക് ഒരുമണിവരെ 86 എം.എൽ.ഡി ശുദ്ധീകരണശാലയുടെയും പ്രവർത്തനമാണ് താത്കാലികമായി നിറുത്തുക. ഇതേത്തുടർന്ന് കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സി.ആർ.പി.എഫ് എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.