general

ബാലരാമപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പിന്റെ 50000 രൂപയും പ്രശസ്ത്രി പത്രവുമടങ്ങുന്ന പുരസ്കാരം മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്നും ബാങ്ക് പ്രസിഡന്റ് അഡ്വ.എ പ്രതാപചന്ദ്രൻ ഏറ്റുവാങ്ങി. യോഗത്തിൽ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ വളപ്പിൽ തരിശ് ഭൂമിയായി കിടന്ന സ്ഥലം പൊതുജനപങ്കാളിത്തത്തോടെ സുരക്ഷിത പച്ചക്കറിക്കൃഷിയൊരുക്കിയതിനാണ് പുരസ്കാരം. സ്പിന്നിംഗ്മിൽ കോമ്പൗണ്ടിലെ നാലേക്കർ ഭൂമിയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുകയായിരുന്നു. പൊതുനന്മാഫണ്ടിൽ നിന്നും ധനം വിനിയോഗിച്ച് കൃഷിയിറക്കാനായി ബാലരാമപുരം സർവീസ് സഹകരണ ബാങ്കും മുന്നോട്ടു വന്നു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി കാർഷിക കർമ്മസേന,​ വെള്ളായണി കാർഷിക സർവകലാശാല അഗ്രോണമി വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണനകേന്ദ്രവും ബാങ്കിന്റെ ഹെഡ്ഡാഫീസിൽ തുടങ്ങി. സംയോജിത കൃഷിയുടെ ഭാഗമായി പശുവളർത്തൽ,​ പരിപാലനം,​ മത്സ്യക്കൃഷി,​ പപ്പായ കൃഷി എന്നിവയും നടന്നുവരുകയാണ്. അവാർഡ് ദാന ചടങ്ങിൽ ബാങ്ക് സെക്രട്ടറി ജാഫർഖാൻ, അഡ്വ.എ. പ്രതാപചന്ദ്രൻ​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.