വർക്കല: പാപനാശം തേടിയുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഈ സീസൺ പ്രതീക്ഷകൾ പാടേ മങ്ങിപ്പോയി. പ്രചാരണത്തിന്റെ അഭാവമാണ് വിനോദ സഞ്ചാരികൾ കുറയാൻ കാരണമെന്നാണ് ടൂറിസം രംഗത്തുള്ളവർ പറയുന്നത്. കോടികൾ മുടക്കി റിസോർട്ടുകൾ നിർമ്മിച്ചവർ കടക്കെണിയിലാണ്. ഇവരുടെ സീസൺ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്.
കേരളത്തിന്റെ ഋതുഭംഗികളുടെ വിപണന സാദ്ധ്യത കാണാതെ പോയതാണ് മൺസൂൺ ടൂറിസം വർക്കല മേഖലയ്ക്ക് നഷ്ടം സമ്മാനിക്കാൻ കാരണം. ടൂറിസം ഡിപ്പാർട്ട്മെന്റും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മൺസൂൺ ടൂറിസം സാദ്ധ്യതയെ പാടെ അവഗണിച്ചെന്ന ആക്ഷേപം വേറെ. ഓരോ വർഷം കഴിയുന്തോറും വർക്കലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. വിനോദസഞ്ചാരികൾക്കായി കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കാത്തതാണ് ടൂറിസം സാദ്ധ്യതകളെ പിന്നോട്ടടിക്കുന്നത്. വിവിധ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. ഇതോടെ പാപനാശത്ത് പരാധീനതകൾ മാത്രം ബാക്കിയായി. ഇത് ടൂറിസ്റ്റുകളുടെ താത്പര്യങ്ങൾക്ക് വിഘാതം സൃഷ്ടിച്ചു. ഇതോടെ പാപനാശത്തേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു.
പരാധീനതകളുടെ പാപനാശം
#തീരത്ത് വിശ്രമിക്കാനിടമില്ല
# ടോയ്ലറ്ര് സൗകര്യങ്ങളില്ല
#പാർക്കിംഗ് സംവിധാനം തീരെയില്ല
#പാപനാശം കുന്നുകളിൽ സുരക്ഷാവേലിയില്ല
#തിരുവമ്പാടി കുന്നിൽ സംരക്ഷണവേലിയില്ല
#തീരത്തേക്കിറങ്ങുന്ന പടിക്കെട്ടുകൾ തകർന്നു
#ഇവിടെ വെളിച്ചവും കുറവാണ്
1) ടൂറിസ്റ്റുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് പുറം തിരിഞ്ഞു നിൽക്കുകയാണ്. പാപനാശത്ത് നിർമ്മിച്ചിട്ടുളള നടപ്പാലം ജീർണാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. അപകടസാദ്ധ്യത ഏറെയാണ്.
2) പാപനാശം കുന്നിൽ 2015 ഏപ്രിൽ മാസമുണ്ടായ തീപിടിത്തത്തിൽ ടിബറ്റൻ മാർക്കറ്ര് ഉൾപ്പെടെ നിരവധി കച്ചവടസ്ഥാപനങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സിന് രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടാണ് നേരിട്ടത്. ഫയർ ഹൈഡ്രെന്റ് സംവിധാനം പാപനാശത്ത് ഏർപ്പെടുത്തണമെന്ന ആവശ്യവും അധികൃതർ കൈക്കൊണ്ടിട്ടില്ല.
3) തീരത്ത് പൊലീസ് പട്രോളിംഗ് കുറവാണ്. മദ്യപരുടേയും മറ്റ് സാമൂഹ്യവിരുദ്ധരുടേയും ശല്യവും വർദ്ധിച്ചിട്ടുണ്ട്.
മയക്കുമരുന്നും തീരത്ത് വ്യാപകമാകുകയാണ്. ടൂറിസം പൊലീസിന്റെയും എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും പരിഹരിച്ചില്ല.
# നവംബർ പകുതി മുതൽ മാർച്ച് വരെയാണ് പാപനാശത്തെ പ്രധാന വിനോദസഞ്ചാര സീസൺ. അതു കഴിഞ്ഞാൽ ഫെസ്റ്റിവൽ സീസണാണ്.
വിദേശികൾ - 5732
നോർത്ത് ഇന്ത്യൻസ് - 2374
കേരളം 4872
പാപനാശം ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും... അഡ്വ.വി.ജോയി എം.എൽ.എ