തിരുവനന്തപുരം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) 2018-19 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി സർക്കാരിന് 33.49 കോടി രൂപ നൽകി. സിയാൽ മാനേജിംഗ് വി.ജെ. കുര്യനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് സ്വീകരിച്ചു. ഡയറക്‌ടർ ബോർഡ് അംഗങ്ങളായ മന്ത്രി ഡോ.തോമസ് ഐസക്, റോയ് കെ. പോൾ, എ.കെ. രമണി, എൻ.വി. ജോർജ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.
2018-19ൽ സിയാൽ 650.34 കോടി രൂപയുടെ വരുമാനവും 166.92 കോടി രൂപയുടെ ലാഭവും കുറിച്ചിരുന്നു. 27 ശതമാനം ലാഭവിഹിതമാണ് സിയാൽ പ്രഖ്യാപിച്ചത്. സിയാലിൽ 32.41 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. 2003-04 മുതൽ തുടർച്ചയായി ലാഭവിഹിതം നൽകുന്ന സിയാലിന്റെ രജത ജൂബിലി വർഷമാണിത്. 30 രാജ്യങ്ങളിൽ നിന്നായി 19,000ലേറെ നിക്ഷേപകർ കമ്പനിക്കുണ്ട്. സർക്കാർ ഉൾപ്പെടെയുള്ള നിക്ഷേപർക്ക് ഇതിനകം സിയാൽ നൽകിയ ലാഭവിഹിതം 255 ശതമാനമാണ്.
സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ, കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനികളുടെ പ്രവർത്തനം കൂടിക്കണക്കാക്കിയാൽ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവുമാണ് കഴിഞ്ഞവർഷം കമ്പനി നേടിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും ഒരുകോടിയിലധികം പേരാണ് സിയാൽ വഴി പറന്നത്.