onion
ONION

തിരുവനന്തപുരം: മറ്റ് ചില സംസ്ഥാനങ്ങൾ ഉള്ളി വില കുറയ്ക്കാൻ വിദേശത്തുനിന്ന് ഇറക്കുമതി ഉൾപ്പെടെ പല നടപടികളും എടുത്തെങ്കിലും കേരളം ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. സപ്ലൈകോ വഴി 350 ടണ്ണും ഹോർട്ടികോർപ്പ് വഴി 100 ടണ്ണും ഉള്ളി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുമെന്ന് ഒരാഴ്ച മുമ്പ് ഭക്ഷ്യ,​ കൃഷി വകുപ്പുകൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. തമിഴ്നാട്ടിലാകട്ടെ ഈജിപ്റ്റിൽ നിന്നും ഉള്ളിയുമായി തിങ്കളാഴ്ച കപ്പലെത്തി. ഇരുനൂറിനോട് അടുത്ത ഉള്ളി വില ഇന്നലെ ഒറ്റയടിക്ക് നൂറിലേക്ക് എത്തി. മൊത്ത വിപണിയിൽ 60 രൂപയ്ക്കും ഉള്ളി ലഭിക്കും. പശ്ചിമ ബംഗാളിൽ റേഷൻകടകൾ വഴിയാണ് ഉള്ളി വില്പന. വില 200ൽ എത്തിയപ്പോൾ റേഷൻ കടകളിലൂടെ 59 രൂപയ്ക്കാണ് വില്പന. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ ഉള്ളിക്ക് സബ്സിഡി നൽകാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുകയും കൂടി ചെയ്തതോടെ സംസ്ഥാനത്ത് ഉള്ളി വില പെട്ടെന്നു കുറയാനുള്ള സാദ്ധ്യത മങ്ങി. ഉള്ളി വാങ്ങുന്നതിനായി സപ്ലൈകോയിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ രണ്ടു ദിവസം കഴിഞ്ഞ് മുംബയ്ക്ക് പുറപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്. അപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളിലെല്ലാം വില കുറഞ്ഞിരിക്കും. കിലോഗ്രാമിന് 170 രൂപ വരെ ഉള്ളി വില എത്തിയപ്പോൾ 25 രൂപയ്ക്ക് ന്യായവില സ്റ്റോറുകൾ വഴി വിൽപ്പന നടത്തുകയാണ് ആന്ധ്രപ്രദേശ് സർക്കാർ ചെയ്യുന്നത്.

 എന്തു കൊണ്ട് സബ്സിഡ‌ി ഇല്ല?​

1സംബ്സിഡി നൽകി വിൽക്കുന്ന 13 ഇന സാധനങ്ങളിൽ ഉള്ളി ഉൾപ്പെട്ടിട്ടില്ല.

 സർക്കാർ ആലോചിക്കുന്നത്

മുംബയ്‌യിൽ എത്തി നാഫെഡ് വഴി ഉള്ളി വാങ്ങുക.

കിലോഗ്രാമിന് 52- 55 രൂപയ്ക്ക് കിട്ടുമെന്നാണ് പ്രതീക്ഷ.

അതിന്റെ കടത്തുകൂലി ചേർത്താവും വിൽക്കുന്നത്.

25 രൂപയ്ക്ക് ഉള്ളി കിട്ടിയപ്പോൾ 38 രൂപയാണ് ഇങ്ങനെ ഈടാക്കിയത്.

ആനിരക്ക് ചേർത്താൽ പോലും വില 65 കടക്കും.

ഓരോ ആഴ്ചയും 25 ടൺവരെ എത്തിക്കാനാണ് സപ്ലൈകോയുടെ പദ്ധതി.

ഉള്ളി സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള സംവിധാനം ഇവിടെ ഇല്ലാത്തതിനാൽ കൂടുതൽ വാങ്ങാൻ കഴിയില്ല.