sujith

വെള്ളറട . ക്രിസ്മസ് പുൽക്കൂടിന് ദീപാലങ്കാരം നടത്തവെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ സുനിൽ- ആശ ദമ്പതികളുടെ മകൻ സുജിത്ത്(13) ആണുമരിച്ചത്.സുജിത്തിന്റ പിതാവ് 10 വർഷം മുൻപേ ഇവരെ ഉപേക്ഷിച്ച് മറ്റൊരുവിവാഹം കഴിച്ച് പത്തനംതിട്ടയിലാണ് താമസം. അമ്മ മറ്റൊരിടത്തും . അമ്മയും അച്ഛനും നഷ്ടപ്പെട്ട സുജിത്ത് മുത്തശ്ശിയോടൊപ്പമായിരുന്നു താമസം .

ഇന്നലെ രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടിലെ അലമാരയിൽ സുജിത്ത് നിർമ്മിച്ച പുൽക്കൂടിൽ വൈദ്യുതി ദീപാലങ്കാരം നടത്തവെ ഷോക്കേറ്റായിരുന്നു മരണം .സുജിത്തിന്റെ മുത്തശ്ശി പുഷ്പം സമീപത്തെ പറമ്പിൽ തോഴിലുറപ്പ് പണിക്കായി വീട്ടിൽനിന്നിറങ്ങുന്ന സമയം സുജിത്ത് പുൽക്കൂട് നിർമ്മാണത്തിലായിരുന്നു. ഭക്ഷണം കഴിച്ചിട്ട് സ്‌ക്കൂളിൽ പോകാൻ പറഞ്ഞിട്ടാണ് പുഷ്പം പണിക്ക് പോയത്. 9.15 ന് സമീപത്തെ താമസക്കാരനായ ബിനുവാണ് സുജിത്ത് ഷോക്കേറ്റ് കിടക്കുന്നതു കണ്ടത്. സമീപത്തെ പറമ്പിൽ നിന്ന പുഷ്പത്തിനേയും നാട്ടുകാരേയും വിളിച്ചുകൂട്ടി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.വെള്ളറട വേലായുധപ്പണിക്ക‍‍ർ മോമ്മോറിയൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ 7 ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സുജിത്ത്.