തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വാഹന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണാൻ ആശുപത്രി വളപ്പിൽ നഗരസഭ നടപ്പാക്കുന്ന ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. മണ്ണ് പരിശോധനാ ഫലം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനം പൂർണതോതിലാകും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു മുന്നിലെ പാർക്കിംഗ് ഏരിയയിൽ നിർമ്മിക്കുന്ന സെമി ആട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാനാകും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗർ പാർക്കിംഗ് കമ്പനിയ്ക്കാണ് കരാർ. 12 കോടി രൂപ ചെലവിടുന്ന പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കും. രണ്ടു മാസം സിവിൽ ജോലികളും തുടർന്നുള്ള രണ്ടു മാസം മെക്കാനിക്കൽ ജോലികളുമാണ് നടക്കുക. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഒ.പി ബ്ലോക്കിന് സമീപവും നിലവിലെ അത്യാഹിത വിഭാഗത്തിന് മുന്നിലും മറ്റ് രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗിനുകൂടി ഉടൻ തുടക്കം കുറിക്കും.