sunitha

തിരുവനന്തപുരം: ദാരിദ്ര്യത്തിനു നടുവിലായിരുന്നെങ്കിലും പഠിക്കാൻ അതിസമർത്ഥയായിരുന്നു സുനിതാ ബേബി. വെള്ളറട ബാലൻവിളയിലെ ഇ.എം.എസ് കോളനിയിലെ ഒറ്റമുറി വീട് ഇടിഞ്ഞു വീണപ്പോൾ, ഒമ്പതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി. മൂന്നാം ക്ലാസ് മുതൽ പാറശാലയ്ക്കടുത്ത് ചെറുവാരക്കോണത്തെ സി.എസ്.ഐ അനാഥാലയത്തോട് ചേർന്ന സ്കൂളിലാണ് സുനിത പഠിച്ചത്. മികച്ച മാർക്കോടെയാണ് എസ്.എസ്.എൽ.സിയും പ്ലസ്ടുവും വിജയിച്ചത്. പാസ്റ്റർമാരുടെ സ്പോൺസർഷിപ്പോടെ സെക്കന്തരാബാദിലെ കോളേജിൽ നഴ്സിംഗിന് ചേർന്നു. മികച്ച മാർക്കോടെ ജയിച്ചു. അവിടെത്തന്നെ ജോലിയും ലഭിച്ചു.

സെക്കന്തരാബാദിലെ ജോലിക്കിടെയാണ് റോയ് തോമസ് സുനിതയുടെ ജീവിതത്തിലേക്കെത്തിയത്. തിരുവല്ല സ്വദേശിയായ റോയി ഹൈദരാബാദിൽ സോഫ്‌‌റ്റ്‌വെയർ എൻജിനിയർ. മാതാപിതാക്കൾ ഹൈദരാബാദിലായിരുന്നു. അവിടെ പത്തുസെന്റ് സ്ഥലം വാങ്ങി വീടുവച്ചു. റോയി ജനിച്ചതും വളർന്നതും അവിടെയാണ്. സെക്കന്തരാബാദിലെ ആശുപത്രിയിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു. മാതാപിതാക്കൾ എതിർത്തെങ്കിലും ഒരു പാസ്റ്ററുടെ കാർമ്മികത്വത്തിൽ പതിമ്മൂന്ന് വർഷം മുൻപായിരുന്നു സുനിതയുടെയും റോയ് തോമസിന്റെയും വിവാഹം. മാതാപിതാക്കൾ പങ്കെടുത്തില്ല. ഇരുവരെയും വീട്ടിൽ കയറ്റിയതുമില്ല. മൂത്തകുട്ടി അയറിൻ പിറന്നശേഷമാണ് സുനിതയെ റോയിയുടെ വീട്ടുകാർ സ്വീകരിച്ചത്. വീടിന് രണ്ടാംനില നിർമ്മിച്ച് റോയിക്കും സുനിതയ്ക്കും നൽകി.

ഇവർക്ക് മൂന്നുമക്കളാണ്. അയറിൻ (11), യോഹന്ന ( 9), ജോസഫ് ( 6 ). കുട്ടികൾ പിറന്നശേഷം ബന്ധം വഷളായി. പഠിച്ചു റോയിക്ക് വട്ടായെന്നും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. റോയി സുനിതയെ കൊല്ലുമെന്നും രക്ഷപെടാനും റോയിയുടെ മാതാപിതാക്കൾ പറയുമായിരുന്നുവെന്ന് പിതാവ് ജോണും അമ്മ ചാർലെറ്റും പറഞ്ഞു. പലവട്ടം ബാത്ത്‌റൂമിൽ അടച്ചിട്ടു. തലമുടി പറിച്ചെടുത്തു. മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല. ഉപദ്രവം സഹിക്കാതെയാണ് അവൾ ഹൈദരാബാദിൽ നിന്ന് രക്ഷപെട്ടത്- ചാർലറ്റ് പറഞ്ഞു.

പതിമ്മൂന്ന് വർഷത്തിനിടെ റോയി മൂന്നുവട്ടം മാത്രമാണ് സുനിതയുടെ വീട്ടിൽ വന്നത്. ഏഴുവർഷം മുൻപാണ് അവസാനം വന്നത്. ജോസഫ് ജനിച്ചശേഷം വന്നിട്ടേയില്ല. പക്ഷേ, പിണങ്ങിയശേഷവും സുനിതയെ ഫോണിൽ വിളിക്കുമായിരുന്നെന്ന് ചാർലറ്റ് പറഞ്ഞു. റോയിയുടെ മൂന്ന് കുട്ടികളുമായാണ് സുനിത ചെറുവാരക്കോണത്തെ സ്‌കൂളിലെ സംഗമത്തിനെത്തിയത്. കുട്ടികളെ തിരികെ കൊണ്ടുപോകാൻ റോയി തിരുവനന്തപുരത്ത് എത്തിയിരുന്നു. സുനിത മൂവരെയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയായിരുന്നു. ജനുവരിയിൽ ഹൈദരാബാദിലെത്താൻ തനിക്ക് റോയി ടിക്കറ്റെടുത്ത് അയച്ചിരുന്നതായി സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹബന്ധം വേർപെടുത്തിയിട്ടില്ല.