തിരുവനന്തപുരം: പരിസ്ഥിതിക്ക് വിനാശകരമായ പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഒരുക്കിയ ക്രിസ്‌മസ് ട്രീ കൗതുകമാകുന്നു. കണ്ണമ്മൂല കേരള ഐക്യവൈദിക സെമിനാരിയിലെ വിദ്യാർത്ഥികളാണ് 2000 പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് 20 അടി ഉയരത്തിലുള്ള ക്രിസ്‌മസ് ട്രീ ഒരുക്കിയത്. നഗരത്തിൽ നിന്നും വേളിയിൽ നിന്നുമാണ് കുപ്പികൾ ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റ്റ്റിക് കുപ്പികൾ ഗുരുതര പരിസ്ഥിതി പ്രശ്‌നമാണുണ്ടാക്കുന്നത്. ഇവ മണ്ണിൽ വലിച്ചെറിയാതെ പുനരുപയോഗിക്കുകയോ റീസൈക്ളിംഗിന് നൽകുകയോ ചെയ്യണമെന്ന അവബോധം സൃഷ്ടിക്കാനാണ് കുപ്പികൾ കൊണ്ട് ക്രിസ്‌മസ് ട്രീ ഒരുക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പിന്നീട് ഈ കുപ്പികൾ കൊണ്ട് സെമിനാരിയിലെ ഗാർഡനിൽ ഇരിപ്പിടങ്ങൾ തയ്യാറാക്കും.