ljd
photo

തിരുവനന്തപുരം: ജനതാദൾ-എസും ലോക്‌താന്ത്രിക് ജനതാദളും തമ്മിലെ ലയന ചർച്ചകൾ വീണ്ടും സജീവമാക്കി ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾ . എന്നാൽ, അതിലെ പ്രായോഗിക സാദ്ധ്യതകൾ എത്രത്തോളമെന്നതിൽ ആശയക്കുഴപ്പം ബാക്കി.

ഇന്നലെ തിരുവനന്തപുരത്ത് ജെ.ഡി.എസിന്റെ സംസ്ഥാന സമിതി, ദേശീയ നിർവ്വാഹകസമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തിനിടെ, ദൃശ്യമാദ്ധ്യമങ്ങളിലൂടെ ലയന ചർച്ചയെപ്പറ്റി വാർത്തകൾ വന്നത് കാട്ടി മുൻ പ്രസിഡന്റ് മാത്യു.ടി. തോമസാണ് വിഷയം ഉന്നയിച്ചത്.. പിൻവാതിൽ ചർച്ചകളിലൂടെയല്ല, ,കേന്ദ്രനേതൃത്വത്തിൽ ചർച്ച ചെയ്ത് വേണം നയതീരുമാനങ്ങളെടുക്കാനെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽ.ജെ.ഡി നേതൃത്വവുമായി താൻ ലയന കാര്യം സംസാരിച്ചെന്നും വ്യക്തമായ തീരുമാനം അവരിൽ നിന്നുണ്ടായില്ലെന്നും പ്രസിഡന്റ് സി.കെ. നാണു വിശദീകരിച്ചു. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതും സി.കെ. നാണു പുതിയ പ്രസിഡന്റായതുമെല്ലാം കേന്ദ്രനേതൃത്വത്തിൽ ചർച്ച ചെയ്താണെന്നും , പാർട്ടിയെ പോക്കറ്റ് സംഘടനയായി കൊണ്ടുനടക്കാനാവില്ലെന്നും മാത്യു.ടി തോമസ് പറഞ്ഞു. ഇതോടെ, വിഷയം ചർച്ച ചെയ്യുന്നതിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്മാറി..

എൽ.ജെ.ഡിയിൽ നിന്ന് നേതാക്കൾ ഗ്രൂപ്പായി വരുമെന്ന് സി.കെ.നാണു പറഞ്ഞു. 2009ൽ വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി പിളർന്ന് പുറത്ത്‌ പോയപ്പോഴും വാതിൽ തുറന്നിട്ടിരുന്നുവെന്ന് മാത്യു.ടി.തോമസ് ചൂണ്ടിക്കാട്ടി.. അങ്ങനെയാണ് സി.കെ. നാണുവും നീലലോഹിതദാസും കടന്നു വന്നതും , തലപ്പത്ത് എത്തിയതും. വന്ന വഴി മറക്കരുത്. ബി.ജെ.പിയെന്ന ഉമ്മാക്കി പറഞ്ഞ് കേന്ദ്രനേതൃത്വത്തെ തള്ളിപ്പറയാൻ പറ്റില്ല'- അദ്ദേഹം വ്യക്തമാക്കി. ശക്തരായവരെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്ന് നാണു പറഞ്ഞു. ലയനത്തെ അനുകൂലിക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയും സമാന നിലപാടിലായിരുന്നു.
സംഘടനയിൽ നിന്ന് അച്ചടക്ക നടപടിക്ക് പുറത്താക്കപ്പെട്ടവരെ ക്ഷണിതാക്കളായി യോഗത്തിലേക്ക് സംസ്ഥാന പ്രസിഡന്റ് ക്ഷണിച്ചതിനെതിരെയും വിമർശനമുയർന്നു. ദേശീയ നേതൃത്വം പുറത്താക്കിയ തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് എസ്. ചന്ദ്രകുമാർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചതാണ് ചില നിർവ്വാഹകസമിതിയംഗങ്ങൾ ചോദ്യം ചെയ്തത്. പ്രത്യേക ക്ഷണിതാക്കളെ വിളിച്ചത് ഈ യോഗത്തിലേക്ക് മാത്രമെന്ന് . നാണു വിശദീകരിച്ചു. നീലലോഹിതദാസും ജോസ് തെറ്റയിലും യോഗത്തിനെത്തിയില്ല.

സി.കെ. നാണു എം.പി. വീരേന്ദ്രകുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ എൽ.ജെ.ഡിയുടെ നേതൃതല ഉപസമിതിയിൽ പ്രസിഡന്റ് ശ്രേയാംസ് കുമാർ ലയന കാര്യം സൂചിപ്പിച്ചതായി അറിയുന്നു. അടുത്തയാഴ്ച ചേരുന്ന. ഉപസമിതിയിൽ വിഷയം വീ്ണ്ടും ചർച്ച ചെയ്യാനാണ് ധാരണ.