തിരുവനന്തപുരം: സമകാലികവും പാരമ്പരാഗതവുമായ നൃത്തങ്ങളുടെ അവതരണത്തിനും അവലോകനത്തിനും ഭാരത് ഭവൻ വേദിയായി. അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയം മുൻനിറുത്തി ഭാരത് ഭവനിൽ നടന്നുവരുന്ന സാംസ്‌കാരിക അവതരണത്തിന്റെ ആദ്യദിനം ഫ്രാൻസ് സ്വദേശിനി അനറ്റ് ലെഡെയ് - തയ്യാറാക്കിയ അര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി പ്രദർശനവും സമകാലീന ഡാൻസ് ഫോം ഇന്ത്യയിൽ ആർജ്ജിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പ്രഭാഷണവും ചർച്ചയും നടന്നു. അവതരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വെസ്‌റ്റേൺ പാട്ടുകളുടെ സ്വാധീനത്തിൽ അനറ്റ് ലെഡെയ് നൃത്താവിഷ്‌കാരം നൽകിയ കണ്ടംപററി ഡാൻസ്, ഫ്രാൻസ് നർത്തകി ഹെലൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, സദനം മണികണ്ഠൻ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. അലൈൻസ് ഫ്രാഞ്ചൈസ് തിരുവനന്തപുരവും ഭാരത് ഭവനുമാണ് പരിപാടിയുടെ സംഘാടകർ.