മലയിൻകീഴ്: കണ്ടല ഗവ. സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. വീട്ടിലുണ്ടായിരുന്ന യുവാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇറങ്ങിയോടാൻ യുവാവ് ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ 10.30 മണിയോടെയാണ് കണ്ടല പുത്തൻ കുളത്തിന് സമീപത്തെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ്. കണ്ടല നിന്ന് മൂന്ന് യുവാക്കളെയും ഈ സംഭവത്തിന് ശേഷം കഞ്ചാവ് പൊതികളുമായി ഇന്നലെ പിടികൂടിയിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. കഞ്ചാവിന്റെ അളവ് കുറവായതിനാലാണത്രേ ജാമ്യം ലഭിക്കാൻ കാരണം. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല, ഊരൂട്ടമ്പലം, പുന്നാവൂർ ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായി എക്സൈസ് അധികൃതർക്ക് നേരത്തെ നാട്ടുകാർ വിവരം നൽകിയിരുന്നു. എന്നാൽ പരിശോധനയ്ക്കെത്തുമ്പോഴേക്കും കഞ്ചാവ് മാഫിയാ സംഘം രക്ഷപ്പെടുകയാണ് പതിവ്.