rape-attempt

തിരുവനന്തപുരം: ഗാർഹിക പീഡനത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയ യുവതി അഭയംതേടി വള്ളക്കടവ് യത്തീംഖാനയിലെത്തി. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശിനിയായ 26കാരിയാണ് ഇന്നലെ ഉച്ചയ്ക്ക് യത്തീംഖാനയിലെത്തിയത്. അച്ഛനും അമ്മയും മരിച്ചുപോയ യുവതി അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് കുറച്ചുമാസങ്ങളായി താമസിക്കുന്നത്. ഇവിടെ തുടരാൻ സാധിക്കില്ലെന്നും വലിയച്ഛനും മകനും മോശമായി പെരുമാറുന്നുവെന്നുമാണ് യുവതി യത്തീംഖാന ഭാരവാഹികളോട് പറഞ്ഞത്. അമ്മ നേരത്തെ മരിച്ച പെൺകുട്ടിക്ക് അച്ഛനും മാസങ്ങൾക്കു മുൻപ് മരിച്ചതോടെയാണ് വലിയമ്മയുടെ വീട്ടിൽ താമസിക്കേണ്ടിവന്നത്. തനിക്ക് അവകാശപ്പെട്ട ഒന്നരയേക്ക‌ർ സ്ഥലത്തിന്റെ പ്രമാണവും തന്റെ ഫോണും സർട്ടിഫിക്കറ്റുകളുമെല്ലാം വലിയച്ഛന്റെയും മകന്റെയും കൈവശമാണെന്നും യുവതി ആരോപിച്ചു. ഇവരുടെ ഉപദ്രവം സംബന്ധിച്ച് കിളികൊല്ലൂർ പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് വലിയച്ഛൻ പൊലീസിനെ വിശ്വസിപ്പിച്ചു. വലിയമ്മയ്ക്ക് ഇക്കാര്യമൊന്നും അറിയില്ല. യുവതിക്ക് സഹോദരങ്ങളാരുമില്ല. തിരുവനന്തപുരത്തെ ഒരു കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ യുവതിക്ക് ഫോൺ ഇല്ലാത്തതിനാൽ മറ്റാരെയും ബന്ധപ്പെടാനും സാധിച്ചില്ല. സഹികെട്ടാണ് വീടുവിട്ടിറങ്ങിയതെന്നും ഇവർ പറഞ്ഞു.

തുടർന്ന് യത്തീംഖാന ഭാരവാഹികൾ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ യുവതിയുമായെത്തി. ഇവിടെനിന്ന് യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഇവരെ അഭയയിലേക്ക് മാറ്റി. പീഡനം നടന്നതായി യുവതി മൊഴി നൽകിയിട്ടില്ലെന്നും വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയതായും വഞ്ചിയൂർ എസ്.ഐ പറഞ്ഞു.