india-windies-cricket
india windies cricket

# ഇന്ത്യ - വിൻഡീസ് മൂന്നാം ട്വന്റി - 20 ഇന്ന് രാത്രി 7 മുതൽ മുംബയ്‌യിൽ

# ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തം

# ടീമിൽ അഴിച്ചുപണിക്ക് ഇന്ത്യ തയ്യാറായാൽ സഞ്ജുവിനും ചാൻസ്

മുംബയ് : വാങ്കഡെ സ്റ്റേഡിയത്തിൽ വെന്നിക്കൊടി പാറിക്കുക ഇന്ത്യയോ വിൻഡീസോ? ട്വന്റി - 20 പരമ്പര സ്വന്തമാക്കാമെന്ന മോഹവുമായി മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി - 20ക്ക് ഇന്ന് മുംബയിൽ ഇരു ടീമുകളും ഇറങ്ങുകയാണ്.

ഹൈദരാബാദിൽ നടന്ന ആദ്യ ട്വന്റി - 20 യിൽ വിജയിച്ച വിരാടിനെയും സംഘത്തെയും തിരുവനന്തപുരത്ത് വെള്ളം കുടിപ്പിച്ചാണ് പൊള്ളാഡിന്റെ വിൻഡീസ് പരമ്പര സമനിലയിലാക്കിയിരിക്കുന്നത്. ട്വന്റി - 20 കൾ ചേസിംഗിന്റെ കളിയാണെന്നത് ഈ പരമ്പരയിൽ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയും വിൻഡീസും വിജയം നേടിയത് ചേസിംഗിലൂടെയാണ്. രാത്രിയിലെ മഞ്ഞ് രണ്ടാം ബാറ്റിംഗ് ഈസിയാക്കുമെന്ന അനുകൂല ഘടകമാണ് ടോസ് നിർണായകമാക്കുന്നത്.

പാഠം പഠിക്കുമോ ഇന്ത്യ

കാര്യവട്ടത്തെ തോൽവിയിൽ നിന്ന് ഇന്ത്യയ്ക്ക് പാഠങ്ങളേറെ പഠിക്കാനുണ്ട്. അതിൽ പ്രധാനം ആദ്യ ബാറ്റിംഗിന് ഇറങ്ങേണ്ടി വരുമ്പോൾ പ്രതിരോധിക്കാൻ പറ്റുന്ന ടോട്ടൽ ഉയർത്താൻ മറക്കരുത് എന്നതാണ്. ഏകദിന ശൈലിയിൽ നിന്ന് ട്വന്റി - 20 ശൈലിയിലേക്കുള്ള മാറ്റം ബാറ്റ്‌സ്‌മാൻമാർക്ക് അനിവാര്യമാണ്.

ഹൈദരാബാദിലെ വിന്നിംഗ് ടീമിനെ തിരുവനന്തപുരത്തും വിശ്വസിച്ചിറങ്ങിയ വിരാടിന് തെറ്റുപറ്റിയിട്ടുണ്ട്. ശ്രേയസ് അയ്യർ, രോഹിത്, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആരെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റുവീശേണ്ടതായിരുന്നു കാര്യവട്ടത്ത്, എങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നായേനെ.

നിരവധി അവസരങ്ങൾ നൽകിയ ശ്രേയസിനെയോ രാഹുലിനെയോ മാറ്റി സഞ്ജുവിന് ഒരവസരം നൽകാൻ ടീം മാനേജ്മെന്റ് ഇനിയും തയ്യാറാകുമോ എന്ന് അറിയേണ്ടതുണ്ട്.

ഫീൽഡിംഗാണ് ഇന്ത്യയുടെ ഏറ്റവുംവലിയ പ്രശ്നം. സിംപിൾ ക്യാച്ചകൾ പോലും ഋഷഭ് പന്തടക്കമുള്ളവർ പാഴാക്കുന്നു.

മറുവശത്ത് വിൻഡീസ് മികച്ച ഫോമിലാണ്. ട്വന്റി - 20 യിൽ അവരെ കളി പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ലോക ചാമ്പ്യന്മാരുടെ പ്രകടനം. ഹെട്മേയർ, നിക്കളാസ് പുരാൻ, സിമ്മോൺസ്, പൊള്ളാഡ് എന്നിവരൊക്കെ ഫോമിലെത്തിയാൽ പിടിച്ചുകെട്ടുക പ്രയാസമാണ്.

ആഗസ്റ്റിന് ശേഷം ഋഷഭ് പന്ത് ഇതുവരെ ട്വന്റി - 20യിൽ അർദ്ധ സെഞ്ച്വറി നേടിയിട്ടില്ല. 33, 18, 6, 27, 19, 4 എന്നി​ങ്ങനെയാണ് കഴി​ഞ്ഞ ഏഴ് ട്വന്റി - 20കളി​ൽ പന്തി​ന്റെ സ്കോറിംഗ്.

പരി​ക്കി​ൽ നി​ന്നുള്ള തി​രി​ച്ചുവരവി​ൽ പ്രതീക്ഷി​ച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഭുവനേശ്വർകുമാറി​നെ മാറ്റി​ ഇന്ത്യ ഇന്ന് ഷമി​യെ കളി​പ്പി​ച്ചേക്കാം.

സഞ്ജു ഏകദി​ന ടീമി​ലേക്കും?

വി​ൻഡീസി​നെതി​രായ ട്വന്റി - 20 ടീമി​ൽ ശി​ഖർ ധവാന് പരി​ക്കേറ്റതുമൂലം താത്കാലി​കമായി​ ഉൾപ്പെടുത്തി​യ സഞ്ജുവിനെ ഏകദി​ന പരമ്പരയി​ലും നി​ലനി​റുത്തി​യേക്കും. കാൽമുട്ടി​ലേറ്റ മുറി​വി​ൽ നി​ന്ന് ധവാൻ പൂർണമായി​ മോചി​തനാകാത്ത സാഹചര്യത്തി​ലാണി​ത്. എന്നാൽ ശുഭ്‌മാൻ ഗി​ൽ, മായാങ്ക് അഗർവാൾ എന്നി​വരുടെ ശക്തമായ മത്സരം സഞ്ജുനേരി​ടേണ്ടി​വരും.

ടീമുകൾ ഇവരി​ൽ നി​ന്ന്

ഇന്ത്യ : വി​രാട് കൊഹ്‌ലി​ (ക്യാപ്ടൻ), രോഹിത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചഹർ, ഭുവനേശ്വർ, ഷമി.

വിൻഡീസ്: കെയ്റൺ പൊള്ളാഡ് (ക്യാപ്ടൻ), ഫാബിയൻ അല്ലൻ, ബ്രാൻഡൺ കിംഗ്, ദിനേഷ് രാംദിൻ, ഷെൽഡൻ കൊട്ടേറൽ, എവിൻ ലെവിസ്, ഷെർഫാനേ റൂതർ ഫോർഡ്, ഹെ‌ട്‌മേയർ, ക്വാറി പിയറി, സിമ്മോൺസ്, ഹോൾഡർ, ഹെയ്ഡൻ വാൽഷ്, കീമോ പോൾ,കെസ്‌റിക്ക് വില്യംസ്.

ടി.വി. ലൈവ് :രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സിൽ.