cpm

തിരുവനന്തപുരം: തലസ്ഥാനത്ത് കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിലുള്ള ഒരു കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് വാരിത്തിന്നുവെന്ന വാർത്തയെ ചൊല്ലിയുണ്ടായ വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് സി.പി.എം ജില്ലാകമ്മിറ്റിക്ക് ഇന്ന് വിശദീകരണം നൽകുമെന്നറിയുന്നു. ഈ വിശദീകരണത്തിന്മേൽ ജില്ലാകമ്മിറ്റി രണ്ട് ദിവസത്തിനകം തീരുമാനമെടുത്തേക്കും.

സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ വിഷയത്തിൽ ശിശുക്ഷേമസമിതിയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. തുടർന്ന് സംസ്ഥാന സെന്ററിന്റെ നിർദ്ദേശപ്രകാരം ജില്ലാകമ്മിറ്റി ദീപക്കിനോട് വിശദീകരണം തേടുകയായിരുന്നു.

അതേ സമയം,പട്ടിണി കാരണം ഈ കുടുംബത്തിലെ കുട്ടികൾ മരിച്ചുപോകുന്ന സ്ഥിതിയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ശിശുക്ഷേമസമിതി പ്രശ്നത്തിൽ ഇടപെട്ടതെന്നാണ് സമിതി കേന്ദ്രങ്ങളുടെ വാദം. പാർട്ടി പ്രവർത്തകരടക്കമുള്ള നാട്ടുകാർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സമിതിയിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതും കുട്ടികൾക്ക് റൊട്ടിയും പഴവുമുൾപ്പെടെ വാങ്ങി നൽകിയതും. നാട്ടുകാർ പറഞ്ഞതിന്റെയും അമ്മ ഒപ്പിട്ടു നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് സമിതി കുട്ടികളെ ഏറ്റെടുത്തത്. കുട്ടികളുടെ അമ്മ നിലപാട് മാറ്റിയതോ, കുട്ടികൾ മണ്ണ് തിന്നെന്ന പ്രചരണത്തിൽ ബാലാവകാശ കമ്മിഷൻ അതൃപ്തി പ്രകടിപ്പിച്ചതോ അറിയാതെ സമിതി സെക്രട്ടറി ഒരു യാത്രയിലായിരുന്നപ്പോൾ ചില ദൃശ്യമാദ്ധ്യമങ്ങൾ പ്രതികരണത്തിന് വിളിക്കുകയായിരുന്നു. മറ്റ് പശ്ചാത്തലമൊന്നും അറിയാതെയാണ് സെക്രട്ടറി അപ്പോൾ മുൻനിലപാട് ആവർത്തിച്ചതെന്നാണ് സമിതി ജീവനക്കാർ ഉൾപ്പെടെ പറയുന്നത്.