iffk-2019

തിരുവനന്തപുരം: ഇറാക്കിലെ സാമൂഹികജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന ഹൈഫാ സ്ട്രീറ്റ് ചലച്ചിത്രമേളയുടെ അഞ്ചാം ദിനം കീഴടക്കി. ബാഗ്ദാദിലെ ഹൈഫാ സ്ട്രീറ്റിൽ നടക്കുന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി മോഹനാദ് ഹയാൽ ഒരുക്കിയതാണ് ഈ സിനിമ. മറാത്തി സംവിധായകനായ സമീർ വിദ്വാൻസിന്റെ ബയോപിക് ചിത്രമായ ആനന്ദി ഗോപാലും പ്രേക്ഷക പ്രീതി നേടി.

കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ അപർണ സെൻ സംവിധാനം ചെയ്ത ദി ഹോം ആൻഡ് ദി വേൾഡ് ടുഡേ എന്ന ചിത്രവും നിറഞ്ഞ സദസിലാണ്‌ പ്രദർശിപ്പിച്ചത്. ബോറിസ് ലോജ്‌കൈൻ സംവിധാനം ചെയ്ത കാമിൽ, ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ, ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്നിവയും പ്രേക്ഷകസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

 38 സിനിമകളുടെ അവസാന പ്രദർശനം

ലോകത്തിന്റെ വൈവിദ്ധ്യം അടയാളപ്പെടുത്തിയ 68 സിനിമകൾ ഇന്നെത്തും. പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂൺ ഹോയുടെ പാരസൈറ്റ്, മറിയം ട്യുസാമിയുടെ ആദം തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെ 38 സിനിമകളുടെ അവസാന പ്രദർശനവും ഇതിൽ ഉൾപ്പെടും. മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രം ലിഹാഫയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാവും. കണ്ടമ്പററി മാസ്‌റ്റേഴ്സ് വിഭാഗത്തിൽ റോയ് ആൻഡേഴ്സ്ൻ സംവിധാനം ചെയ്ത സോങ്സ് ഫ്രം ദി സെക്കൻഡ് ഫളോർ,എ പീജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്‌ളെറ്റിംഗ്‌ ഓൺ എക്സിസ്റ്റൻസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.15 ന് ശ്രീയിലും വൈകിട്ട് 6.15 ന് അജന്തയിലുമാണ് പ്രദർശനം.