sunitha

തിരുവനന്തപുരം: ലക്ഷങ്ങൾ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായിൽ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്സിംഗ് കോളേജിൽ രണ്ടുവർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്സിനു ചേർന്നു. ഈ കോഴ്സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി.

15വർഷം പ്രവൃത്തിപരിചയമുള്ള സുനിതയ്‌ക്ക് കോളേജ് അധികൃതർ പഠനത്തിനൊപ്പം ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ട് തസ്തികയിൽ ജോലിയും നൽകി. പ്രേംകുമാറാണ് പഠനത്തിന് പണം നൽകിയതെന്ന് ചില ബന്ധുക്കളോട് സുനിത പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ സിനിമാ തിയേറ്ററിൽ മാനേജരായിരുന്നു പ്രേംകുമാറിന്റെ പിതാവ്. അങ്ങനെയാണ് സുനിത പഠിച്ച ചെറുവാരക്കോണത്തെ സ്‌കൂളിൽ പ്രേംകുമാറും എത്തിയത്. ഈ സ്‌കൂളിന്റെ 25-ാം വാർഷികത്തിനാണ് സുനിതയും പ്രേംകുമാറും വീണ്ടും ഒന്നിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. ആമച്ചലിൽ രണ്ടുദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ വരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ ഞായറാഴ്ച സുനിത വന്നില്ല. തിങ്കളാഴ്ച രാവിലെ 11ന് പിതാവ് ജോണിയുടെ ഫോണിൽ വെള്ളറട പൊലീസിന്റെ വിളിയെത്തി. സുനിതയുടെ രണ്ടു ജോഡി വസ്ത്രങ്ങളുമായി സ്റ്റേഷനിൽ എത്താനായിരുന്നു നിർദ്ദേശം. മാതാപിതാക്കൾ സ്റ്റേഷനിലെത്തിയപ്പോൾ പ്രേംകുമാറും സുനിതയും അവിടെയുണ്ടായിരുന്നു. കേസിന്റെ വിവരങ്ങൾ പൊലീസ് പറഞ്ഞാണ് അറിഞ്ഞത്.- ജോണി പറഞ്ഞു.