02
വിദ്യാർത്ഥി ആശുപത്രി കിടക്കയിൽ നിന്നും ആംബുലൻസിൽ സർവ്വകലാശാല ആസ്ഥാനത്ത്.

ശ്രീകാര്യം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്ര് ചികിത്സയിലായിരിക്കെ സ്വകാര്യ എൻജിനിയറിംഗ് കോളേജ് അധികൃതർ നിർബന്ധിത ടി.സി നൽകി പുറത്താക്കിയെന്ന പരാതിയുമായി സർവകലാശാലാ അദാലത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥി എത്തിയത് ആംബുലൻസിൽ. വി.സിയെ കണ്ടേ മടങ്ങൂവെന്ന് വിദ്യാ‌ർത്ഥി വാശിപിടിച്ചതോടെ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ ആംബുലൻസിനടുത്തെത്തി പരാതി കേൾക്കുകയും ചെയ്തു.

കൊല്ലം കോഴിവിള സ്വദേശിയും കോട്ടയം മംഗളം എൻജിനിയറിംഗ് കോളേജ് രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർഥിയുമായ ജയിംസ് ആണ് കോളേജിന് എതിരെ പരാതിയുമായി ശ്രീകാര്യം സി.ഇ.ടിയിലെ സാങ്കേതിക സർവകലാശാലാ ആസ്ഥാനത്ത് അദാലത്തിന് എത്തിയത്.കഴിഞ്ഞ വർഷം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ജയിംസിന് ഒരു വർഷത്തോളം കോളേജിൽ പോകാൻ കഴിഞ്ഞിരുന്നില്ല. തിരികെ എത്തിയപ്പോൾ തന്നെ റ്റി സി നൽകി ഒഴിവാക്കിയെന്ന് ജയിംസ് പറയുന്നു.

തന്റെ വ്യാജ ഒപ്പിട്ട് കോളേജ് അധികൃതർ തന്നെയാണ് റ്റി.സി അപേക്ഷ തയ്യാറാക്കിയതെന്നാണ് വിദ്യാർത്ഥിയുടെ വാദം. ഇക്കാര്യം കാണിച്ച് ജയിംസ് സാങ്കേതിക സർവകലാശാലയ്ക്കു പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജയിംസിനെ അദാലത്തിന് ക്ഷണിച്ചെങ്കിലും രണ്ടു ദിവസം മുമ്പ് കൊല്ലത്തുവച്ച് ജയിംസിന് മറ്റൊരു വാഹനാപകടം സംഭവിച്ചിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ജയിംസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ അദാലത്തിൽ പങ്കെടുക്കാൻ ആശുപത്രിക്കിടക്കയിൽ നിന്ന് ആംബുലൻസിൽ എത്തിയ ജയിംസിനോട്, ഉചിത നടപടി സ്വീകരിക്കാമെന്ന് അക്കാഡമിക് ഡീൻ ശ്രീകുമാർ ഉറപ്പു നൽകിയെങ്കിലും വി.സിയെ നേരിൽക്കണ്ട് പരാതി നൽകാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ജയിംസ്.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തുടർന്നു പഠിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിദ്യാർത്ഥി റ്റി.സിക്ക് അപേക്ഷിച്ചിരുന്നുവെന്നാണ് കോളേജിനെ പ്രതിനിധീകരിച്ച് അദാലത്തിന് എത്തിയ വകുപ്പു മേധാവിയുടെ വിശദീകരണം. തുടർന്നു പഠിക്കാൻ വിദ്യാർത്ഥി താത്പര്യം അറിയിക്കുയും സർവകലാശാല ആവശ്യപ്പെടുകയും ചെയ്താൽ വീണ്ടും പ്രവേശനം നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി. ജയിംസിന്റെ പരാതി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്ന് സാങ്കേതിക സർവകലാശാലാ അധികൃതർ അറിയിച്ചു.