തിരുവനന്തപുരം: ഉദയംപേരൂർ സ്വദേശിയായ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുനിതയുടെ രണ്ടുമുറിവീട്ടിൽ പിതാവ് ജോണിക്കും മാതാവ് ചാർലറ്റിനും ഇതുവരെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും കാമുകിയായ സുനിതയും ചേർന്നാണ് വിദ്യയെ കൊലപ്പെടുത്തിയത്. വെള്ളറട ബാലൻവിള ഇ.എം.എസ് കോളനിയിലെ ചെറിയ വീടാണ് സുനിതയുടേത്. രണ്ടരസെന്റ് സ്ഥലത്ത് ഇടുങ്ങിയ ഒരു മുറിയും ഹാളും മാത്രം. ഇ.എം.എസ് ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിലാണ് സുനിതയുടെ പിതാവ് ജോണിയും മാതാവ് ചാർലറ്റും താമസിക്കുന്നത്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം പേയാട്ടെ വില്ലയിൽ നിന്ന് കൊണ്ടുവന്ന സുനിതയുടെ വസ്ത്രങ്ങളും സാധനങ്ങളും ഇവിടെ കൂട്ടിയിട്ടിരിക്കുന്നു. തക്കാളിപ്പനി വന്ന് വൃണമായ കാലുകളുമായി പിതാവ് ജോണി വീടിനു മുന്നിലിരിക്കുകയാണ്. മകളുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പൊലീസിൽ നിന്നറിഞ്ഞ് തളർന്നിരിക്കുകയാണ് ഇരുവരും. സെക്കന്തരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്ക് പണം അയച്ചിരുന്നു. കളിയിക്കാവിളയിലെ ആശുപത്രിയിൽ ജോലി കിട്ടിയശേഷം പണം നൽകിയിട്ടില്ല. റബർ ടാപ്പിംഗ് ജോലിക്കുപോയാണ് ജോണി കുടുംബം പുലർത്തിയിരുന്നത്. തക്കാളിപ്പനി ബാധിച്ചപ്പോഴാണ് രണ്ടാഴ്ച മുമ്പ് സുനിത ഇവിടെ വന്നത്. ഇടയ്ക്കിടെ വീട്ടിലെത്തി പിതാവിന്റെ രോഗവിവരങ്ങൾ അന്വേഷിക്കും. വെള്ളിയാഴ്ച വീട്ടിൽ നിന്ന് പോയപ്പോൾ റോയിയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ എറണാകുളത്ത് കേസുണ്ടെന്നും അങ്ങോട്ടേക്ക് പോകുന്നെന്നുമാണ് അയൽക്കാരോട് സുനിത പറഞ്ഞത്. സി.എസ്.ഐ അംഗമായിരുന്ന സുനിത അടുത്തിടെ പെന്തക്കോസ്ത് സഭയിലേക്ക് മാറിയിരുന്നു. അവസാനം വീട്ടിലെത്തിയപ്പോൾ വെള്ള വസ്ത്രം ധരിച്ചാണെത്തിയത്. സഹോദരങ്ങളായ സുനിലും സുരേഷും പത്തനംതിട്ടയിലാണ്. ഇവർ മേസ്തിരിപ്പണി, റബർ ടാപ്പിംഗ് തൊഴിലാളികളാണ്. ഇവരാണ് മാതാപിതാക്കളുടെ ചികിത്സയ്ക്കും ചെലവിനും പണം നൽകുന്നത്. ആദ്യഭർത്താവ് റോയിക്ക് ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റെന്നും ഇതോടെ മാനസികനില തകരാറിലായെന്നും അയൽക്കാരോടും സുനിത പറഞ്ഞിരുന്നു.